ക്രൈസ്റ്റ് കോളജില്‍ ഐടി ഫെസ്റ്റ്: സെഫൈറസ് 5.0
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ബി വോക് ഐടി വിഭാഗങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ഐടി ഫെസ്റ്റിന് തുടക്കമായി. സാങ്കേതിക വിദ്യയിലെ നൂതന മേഖലകളുമായി ബന്ധപ്പെട്ട ഐടി പ്രദര്‍ശനവും, ടെക് ഫെസ്റ്റും ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കുട്ടികള്‍ ഉണ്ടാക്കിയ വിവിധതരം പ്രോജക്ട്കള്‍, ഓഗ്മെന്റെഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലേസര്‍ ഷോ എന്നിവയാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി സിനി തോമസ് സ്വാഗതമാശംസിച്ചു. സാങ്കേതിക വിദ്യയുടെ പുതിയ തലങ്ങളെ കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ് പറഞ്ഞു. സ്വാശ്രയ വിഭാഗം കോഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, ഐക്യുഎസി കോഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, കോളജ് യൂണിയന് ചെയര്മാന് ഭരത് ജോഗി ആന്റണി, ബിവോക് ഐടി വിഭാഗം മേധാവി മിസ്സ് ജീന ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.