മാപ്രാണം ചാത്തന് മാസ്റ്റര്‍ ഹാള്‍, പ്രതിഷേധവുമായി കെപിഎംഎസ്
മാപ്രാണം: സെന്ററിലുള്ള പി.കെ. ചാത്തന് മാസ്റ്റര്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനംകഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും ഇരിങ്ങാലക്കുട നഗരസഭാ അധികാരികള്‍ നല്കിയ ഉറപ്പ് പാലിക്കാത്തതിനെതിരെ കെപിഎംഎസ്. മുനിസിപ്പല്‍ ഭരണാധികാരികള്‍ രേഖാമൂലം നല്കിയ ഉറപ്പുകള്‍ പാലിക്കാന്‍ ഇതുവരെ തയാറായില്ലെന്ന് കെപിഎംഎസ് കുറ്റപ്പെടുത്തി. നിര്‍മാണജോലികള്‍ നിരീക്ഷിക്കുന്നതിന് മോണിറ്ററിംഗ് കമ്മിറ്റി രൂപവത്കരിക്കണമെന്ന കെപിഎംഎസിന്റെ ആവശ്യം നിരാകരിച്ചാണ് ഹാളിന്റെ പണി പൂര്‍ത്തിയാക്കിയത്. ഇതുമൂലം അപാകങ്ങളുണ്ടെന്നും ടൈലുകള്‍ ഗുണനിലവാരമില്ലാത്തതാണെന്നും കെപിഎംഎസ് ആരോപിച്ചു. മഴ പെയ്താല്‍ മുകളില്‍നിന്ന് വെള്ളം കവിഞ്ഞ് അകത്തേക്ക് ഒഴുകുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ജനറേറ്റര്‍ മഴയും വെയിലുംകൊണ്ട് നശിക്കുന്നു. പട്ടികജാതി വികസനഫണ്ടുപയോഗിച്ച് മൂന്നുകോടിയിലേറെ രൂപ ചെലവഴിച്ച് 3841 സ്ക്വയര്‍ ഫീറ്റിലാണ് ഓരോ നിലയും. കെട്ടിടത്തിന് താഴെ പാര്‍ക്കിംഗിനുള്ള നിലയടക്കം മൂന്ന് നിലകളിലായിട്ടാണ് നിര്‍മാണം.
ചാത്തന്മാസ്റ്ററുടെ ജന്മദിനത്തില് ഉദ്ഘാടനം നടത്തിയ ഹാളിന് എട്ടുമാസമായിട്ടും ആവശ്യമായ വെള്ളം, കസേര, മേശ എന്നിവയൊന്നും ലഭ്യമാക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. ഇതുമൂലം ഏതെങ്കിലും പരിപാടിക്കായി ഹാള്‍ ബുക്ക് ചെയ്താല്‍ ഇവയെല്ലാം പുറത്തുനിന്ന് സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. നേരത്തെ ഉണ്ടായിരുന്ന ഹാളിന്റെ അതേ അവസ്ഥയാണ് പുതിയ ഹാളിനുമുള്ളത്. പട്ടികജാതി വിഭാഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഹാള്‍ വേണ്ടവിധം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇങ്ങനെ തുടരാന്‍ അനുവദിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കെപിഎംഎസ് ആവശ്യപ്പെട്ടു. പോരായ്മകള്‍ പരിഹരിച്ച് ഹാള്‍ പട്ടികവിഭാഗങ്ങള്‍ക്കും നാടിനുമായി സമര്‍പ്പിക്കാന്‍ അധികാരികള്‍ തയാറായില്ലെങ്കില്‍ കെപിഎംഎസ് വീണ്ടും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതൃത്വം അറിയിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നഗരസഭാ ചെയര്‍പേഴ്സണ്‍ കെപിഎംഎസ് നിവേദനം നല്‍കിയിട്ടുണ്ട്.