ജനറല്‍ ആശുപത്രി കെട്ടിടത്തിനു 1.75 കോടിയുടെ നിര്‍മാണാനുമതി, പൂര്‍ത്തിയാകുന്നത് മൂന്നു നിലകള്‍
ഇരിങ്ങാലക്കുട: സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ജനറല്‍ ആശുപത്രിയില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 1.75 കോടി രൂപയുടെ ഭരണാനുമതി. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കുന്നതിനായാണു പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നു തുക അനുവദിച്ചത്. കെട്ടിടത്തിലെ ലിഫ്റ്റ്, ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍, 1.50 ലക്ഷം കപ്പാസിറ്റിയുള്ള ഫയര്‍ സേഫ്റ്റി സംപ് ടാങ്ക്, റീറ്റിനിംഗ് വാള്, ഇന്റര്‍ ലോക്കിംഗ് ടൈല്‍ വര്‍ക്കുകള്‍, സാനിറ്റേഷന്‍ വര്‍ക്കുകള്‍, അലുമിനിയം ഫാബ്രിക്കേഷന്‍, സ്റ്റൈയിന്‍ലസ് സ്റ്റീല്‍ ഹാന്‍ഡ് റെയില്‍ വര്‍ക്കുകള്‍, പെയിന്റിംഗ്, ശേഷിക്കുന്ന ഇലക്ട്രിഫിക്കേഷന് വര്‍ക്കുകള്‍ എന്നിവ ഈ തുക ഉപയോഗിച്ച് പൂര്‍ത്തിയാക്കും. അഞ്ചു നിലകളിലായുള്ള കെട്ടിടത്തില്‍ താഴത്തെ മൂന്നുനിലകളുടെ പണിയാണു ഇപ്പോള്‍ തീര്‍ക്കുന്നത്. പുതിയ കെട്ടിടം സജ്ജമാകുന്നതോടെ കാഷ്വാലിറ്റി, ഒപി, ലാബ്, ഫാര്‍മസി, എക്സറേ യൂണിറ്റ് എന്നിവയെല്ലാം ഇങ്ങോട്ടേക്കുമാറും. മൂന്നാമത്തെ നിലയില്‍ വാര്‍ഡുകളാണു സജ്ജമാക്കുന്നത്. കാഷ്വാലിറ്റി കോംപ്ലക്സില്‍ മൈനര്‍ ഓപ്പറേഷന് തിയേറ്റര്‍, ഒബ്സര്‍വേഷന്‍ മുറി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പുതിയ കെട്ടിടത്തില്‍ മെഡിസിന് ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുപയോഗിച്ചാണു കെട്ടിടം നിര്‍മാണം.