ഇരുചക്രവാഹനങ്ങള്‍ മോഷണം; യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: നെടുപുഴ, വിയ്യൂര്‍ എന്നിവിടങ്ങളില്‍ നിന്നും ബൈക്കും സ്കൂട്ടറും മോഷ്ടിച്ച യുവാവ് പിടിയില്‍. വെളയനാട് തറയില്‍ വീട്ടില്‍ ഇളമനസ്സ് എന്നറിയപ്പെടുന്ന റിജു (27) എന്ന ആളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. മോഷണ കേസില്‍ ഉള്‍പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ഏതാനും ദിവസം മുന്‍പ് ആണ് പുറത്തിറങ്ങിയത്.
പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വിയ്യൂര്‍ സ്റ്റേഷന് പരിധിയില്‍ നിന്നും നെടുപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് വാഹന പരിശോധനയ്ക്കിടയിലാണ് പിടികൂടിയത്. ഇയാളുടെ പേരില്‍ തൃശൂര്‍ ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ ആയി പന്ത്രണ്ടോളം സമാന കേസുകള്‍ നിലവിലുണ്ടെന്നും താക്കോല്‍ വെച്ച് പോകുന്ന വാഹനങ്ങള്‍ മോഷ്ടിക്കുന്നത് ആണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.
ഇരിങ്ങാലക്കുട സബ് ഡിവിഷണല്‍ ഓഫീസര്‍ കെ.ജി. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ എസ് ഐ ക്ലീറ്റസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാഹുല്‍ അമ്പാടന്‍, കമല്‍ കൃഷ്ണ, ദിനുലാല്‍ ഡി. മോഹന്‍, രജീഷ് ആനാപ്പുഴ എന്നിവരും ഉണ്ടായിരുന്നു.