വേളൂക്കരയിൽ ജനവിധി ഏതു മുന്നണിയെ തുണക്കും
വേളൂക്കരയിൽ ഭരണ തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫ്, പിടിച്ചെടുക്കാൻ യുഡിഎഫ്, സാന്നിധ്യമുറപ്പിക്കുവാൻ ബിജെപി
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിൽ ഭരണതുടർച്ച ലക്ഷ്യമിട്ടാണ് എൽഡിഎഫ് മൽസര രംഗത്തുള്ളത്. എന്നാൽ ഇക്കുറി ഭരണം തിരിച്ചു പിടിക്കും എന്ന വാശിയിലാണു യുഡിഎഫ്. സാന്നിധ്യമുറപ്പിക്കുവാൻ ബിജെപിയും സജീവമായുണ്ട്. 18 അംഗ ഭരണ സമിതിയിൽ 10 എൽഡിഎഫും ഏഴു യുഡിഎഫും ഒരു സ്വതന്ത്രയുമാണു വിജയിച്ചത്. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണു ഇത്തവണ ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ വികസന മുരടിപ്പാണു കോൺഗ്രസും ബിജെപിയും ഭരണത്തിനെതിരെ തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നത്. കാർഷിക മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചുവെന്നാണു ഇടതുമുന്നണിയുടെ ഭരണ നേട്ടങ്ങളിലെ പ്രധാനം. 350 ഏക്കറോളം സ്ഥലത്ത് ‘തരിശുരഹിത തൃശൂർ’ പദ്ധതിയുടെ ഭാഗമായി നെൽകൃഷി വ്യാപകമാക്കി. കൃഷിക്ക് വെള്ളം എത്തിക്കുന്നതിനു വേണ്ടി പഞ്ചായത്തിന്റെ നിരന്തര ഇടപെടലിന്റെ ഫലമായി വഴുക്കിലിച്ചിറ ഈ കാലയളവിൽ രണ്ടു പ്രാവശ്യം നിറയ്ക്കുന്നതിനു കഴിഞ്ഞു. വെങ്കുളം ചിറയിലേക്കു വെള്ളമെത്തിക്കുന്ന കനാലിൽ ഷട്ടറുകൾ സ്ഥാപിക്കുന്നതിനും കനാലിലെ അണ്ടർ ടണൽ ഭാഗത്ത് പരിശോധനയ്ക്ക് ഇരുമ്പു ഗോവണി സ്ഥാപിക്കുന്നതിനും ചിറയിലേക്കു വെള്ളം വരുന്ന തോടിന്റെ സൈഡ് കെട്ടി സംരക്ഷിക്കുന്നതിനും വേണ്ടി 15 ലക്ഷം രൂപ പ്രഫ. കെ.യു. അരുണൻ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും ലഭ്യമാക്കി പണികൾ പൂർത്തീകരിക്കാൻ സാധിച്ചു. കാർഷിക മേഖലയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു നീർത്തട പദ്ധതികളിലൂടെ 50 ലക്ഷത്തോളം രൂപക്കുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കല്ലംകുന്നിൽ പഞ്ചായത്ത് വക സ്ഥലത്ത് ജലസംഭരണി നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. 232 പുതിയ റോഡുകളുടെ നിർമാണവും 133 റോഡുകളുടെ റീടാറിംഗും മറ്റു റോഡുവികസന പ്രവർത്തനങ്ങളും നടത്തി ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ സാധിച്ചു. ഇതിൽ 10.38 കോടി രൂപയുടെ പഞ്ചായത്ത് പ്ലാൻ ഫണ്ടും 20 ലക്ഷം രൂപയുടെ ബ്ലോക്ക് ഫണ്ടും 93.5 ലക്ഷം രൂപയുടെ ജില്ലാ പഞ്ചായത്ത് ഫണ്ടും 153 ലക്ഷം രൂപയുടെ എംഎൽഎ ഫണ്ടും ഉപയോഗിച്ചു. വേളൂക്കര പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുത്തൻചിറ-പട്ടേപ്പാടം-നടവരമ്പ്-അണ്ടാണിക്കുളം റോഡ് നവീകരിച്ച് മെക്കാഡം ടാറിംഗ് ഉൾപ്പെടെ കേരള സർക്കാർ ചെലവിൽ നടന്നുവരുന്നുണ്ട്. 13.5 ലക്ഷം രൂപ കൂടി പഞ്ചായത്ത് ഫണ്ടിൽ നിന്നു അനുവദിച്ച് പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. വികസന മുരടിപ്പിന്റെയും അഴിമതിയുടെയും നാളുകളാണു കടന്നുപോയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എൽഡിഎഫ് ഭരണസമിതി അധികാരത്തിലേറിയ അഞ്ചു വർഷങ്ങൾക്കുള്ളിൽ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാനും നടപ്പിലാക്കാനും ഇതുവരേയും സാധിച്ചിട്ടില്ല. ലോക്ക് ഡൗണിനിടയിൽ പട്ടിണിയാകുന്ന പാവപ്പെട്ട മനുഷ്യർക്കുവേണ്ടി കൊട്ടിഘോഷിച്ചുകൊണ്ടുവന്ന സാമൂഹിക അടുക്കള അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റേയും കൂത്തരങ്ങായി മാറി. സാമൂഹിക അടുക്കള എന്ന പ്രഖ്യാപനത്തിലൂടെ ലഭിക്കുന്ന രാഷ്ട്രീയ മുതലെടുപ്പ് മാത്രമായിരുന്നു ഭരണസമിതിയുടെ ലക്ഷ്യം. മുരിയാട്-വേളൂക്കര കുടിവെള്ള പദ്ധതിക്കായി 2016 ലെ ബജറ്റിൽ 10 കോടി രൂപ ബജറ്റ് വിഹിതമായി യുഡിഎഫ് സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഈ പദ്ധതി എങ്ങുമെത്തിക്കാതെ നഷ്ടപ്പെടുത്തുകയായിരുന്നു. പാവങ്ങൾക്കുള്ള വീട് നിർമാണം എന്ന പേരിൽ അവതരിക്കപ്പെട്ട ലൈഫ് ഭവനനിർമാണ പദ്ധതി അഴിമതിയും സ്വജനപക്ഷപാതവും മൂലം പഞ്ചായത്തിനും ജനങ്ങൾക്കും തീരാനഷ്ടമാണ് വരുത്തിത്തീർത്തത്. പഞ്ചായത്തിലെ കൃഷിയുടെ നെടുംതൂണായുള്ള ഇടമലയാർ കനാലിന്റെ ഭാഗമായ കടുപ്പശേരി ബ്രാഞ്ച് കനാൽ പൂർത്തീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി ഒരുശ്രമവും നടത്തിയിട്ടില്ല. കൂടാതെ കൊറ്റനെല്ലൂർ ബ്രാഞ്ച് കനാലിന്റെ ടെയിൽ എൻഡ് പുനർനിർണയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ല. ഇതെല്ലാമാണു തെരഞ്ഞെടുപ്പു രംഗത്ത് യുഡിഎഫ് ഉയർത്തികാട്ടുന്നത്. മാറിമാറി ഭരിച്ച് ഇരുമുന്നണികളും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണെന്നും അതിനാൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതായും ഭരണസമിതിയിൽ സാന്നിധ്യം ഉണ്ടാക്കുമെന്ന വാശിയിലാണു ബിജെപി പ്രവർത്തകർ.