സമ്പൂര്‍ണ ബൈബിള്‍ കൈപ്പടയിലെഴുതി സിഎല്‍സി പൊറത്തിശേരി അംഗങ്ങള്‍
ഇരിങ്ങാലക്കുട: ആറുമാസം കൊണ്ട് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി യുവജനങ്ങള്‍. പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ ഇടവകയിലെ 41 സിഎല്‍സി അംഗങ്ങളാണ് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയത്. 4100 പേജുകളാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്.
പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ഥികളായ ഇവര്‍ പഠനങ്ങള്‍ക്കിടയിലും പരീക്ഷകള്‍ക്കിടയിലും സമയം കണ്ടെത്തിയാണ് സമ്പൂര്‍ണ ബൈബിളിന്റെ പകര്‍ത്തിയെഴുത്ത് പൂര്‍ത്തീകരിച്ചത്. കോവിഡ് പ്രതിസന്ധിയില്‍ നാട് ലോക്ഡൗണിലായപ്പോള്‍ സിഎല്‍സി അംഗങ്ങള്‍ക്കു ചെയ്യാവുന്ന ഒരു ആത്മീയ ഉദ്യമമായിട്ടാണ് ഇതിനു തുടക്കം കുറിച്ചത്. പ്രാര്‍ഥനയില്‍ മുഴുകി ഓരോരുത്തരുടേയും വ്യക്തിപരമായ നിയോഗങ്ങള്‍ സമര്‍പ്പിച്ചാണ് ബൈബിള്‍ പകര്‍ത്തിയെഴുത്ത് പൂര്‍ത്തീകരിച്ചത്. ഓരോര്ത്തരും എഴുതേണ്ട ഭാഗങ്ങള്‍ കൃത്യമായി വിഭജിച്ചു നല്കി, എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട പൊതു നിര്‍ദേശങ്ങളും നല്‍കിയാണ് ഭവനങ്ങളിലിരുന്ന് സിഎല്‍സി അംഗങ്ങള്‍ ഇതില്‍ പങ്കാളികളായത്.
പിഒസി ബൈബിളിന്റെ ആദ്യ താളുമുതല്‍ എഡിറ്റോറിയല്‍ അംഗങ്ങളുടെ പേര് വിവരങ്ങള്‍ പ്രസ്താവന, ഉള്ളടക്കം, ആമുഖം തുടങ്ങി എല്ലാ ഭാഗങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫൊറോന വൈസ് പ്രസിഡന്റ് അലന് റിച്ചാര്‍ഡ്, ഇടവക സിഎല്‍സി പ്രസിഡന്റ് ബ്ലെയ്സ് ജെയ്മി എന്നിവര്‍ ചേര്‍ന്ന് വികാരി ഫാ. ജിനോജ് കോലഞ്ചേരിക്ക് സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തു പ്രതി സമര്‍പ്പിച്ചു.
പള്ളിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഇത് സൂക്ഷിച്ചിരിക്കുകയാണ്. രൂപത ജോയിന്റ് സെക്രട്ടറി വി.ജെ. അഞ്ജലി, ഇടവക വൈസ് പ്രസിഡന്റ് ടി.ജെ. ജില്‍സ, ഭാരവാഹികളായ ഗ്രീഷ്മ ജോണി, ജോസഫ് ജോസ്, ആല്വിന് ഷാജു, ആന്റണി ജോസ് എന്നിവര്‍ നേതൃത്വം നല്കി.