അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേത്യത്വത്തില്‍ പൊളിച്ച് നീക്കി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട-കാട്ടൂര്‍ റോഡിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേത്യത്വത്തില്‍ പൊളിച്ച് നീക്കി. നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ബസ് സ്റ്റോപ്പിന് പടിഞ്ഞാറ് വശത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വാടകക്കാര്‍ റോഡ് കയ്യേറി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് രാവിലെ പൊളിച്ച് നീക്കിയത്. ഇത് സംബന്ധിച്ച് പരിസരവാസികള്‍ ജില്ലാ കളക്ടര്‍ക്കും എംഎല്‍എ ക്കും നഗരസഭക്കും വാര്‍ഡ് കാണ്സിലര്ക്കും പൊതുമരാമത്ത് വകുപ്പിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പരാതി നല്‍കിയിരുന്നു. രണ്ട് പ്രധാന സ്കൂളുകളുടെ ഇടയിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ ഉടമസ്ഥനായ പുത്തിരിക്കാട്ടില്‍ ശിവരാമന് എന്ന വ്യക്തി പിഡബ്ല്യുഡി റോഡിലേക്ക് കെട്ടിടത്തിന്റെ എടുപ്പുകള്‍ ഇറക്കി നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നടപടികള്‍ ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പരാതി പരിഹാര ആപ്പിലേക്കും പരാതി പരിസരവാസികള്‍ അയച്ചിരുന്നു. നടപടികള്‍ സ്വീകരിച്ച് വരുന്നതായുള്ള മറുപടിയും ഇവര്‍ക്ക് ലഭിച്ചിരുന്നു. അതേ സമയം കയ്യേറ്റങ്ങള്‍ ഒരു വര്‍ഷം മുമ്പ് തന്നെ അളന്ന് തിട്ടപ്പെടുത്തിയിരുന്നതായും കെട്ടിട ഉടമക്ക് നോട്ടിസ് നല്‍കിയിരുന്നതായും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ എം ആര് മിനി അറിയിച്ചു. ഇതിന്റെ തുടര്‍നടപടികളാണ് ഇപ്പോള്‍ സ്വികരിചു വരുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. അനധികൃത നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് 2014 മുതല്‍ തന്നെ തങ്ങള്‍ പരാതികള്‍ നല്കി വരികയാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഇടപെടലില്‍ സന്തോഷമുണ്ടെന്നും പരിസരവാസികള്‍ പറഞ്ഞു.