മോട്ടോര്‍ തൊഴിലാളി സംരക്ഷണം ഉറപ്പുവരുത്തുക: എഐടിയുസി
ഇരിങ്ങാലക്കുട: കോവിഡ് മഹാമാരിയായി തുടരുന്ന കാലഘട്ടത്തിലും പെട്രോളിനും ഡീസലിനും ദൈനംദിനം വില വര്‍ധിപ്പിക്കുന്നതുമൂലം മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ ദുരിതത്തിലാണ്. മാത്രമല്ല, തൊഴിലില്ലാത്ത ഈ ഘട്ടത്തില്‍ വാഹനത്തിന്റെ ടാക്സ്, ഇന്‍ഷ്വറന്‍സ് എന്നിവക്ക് ഒരു ഇളവും അനുവദിച്ചിട്ടില്ല. ക്ഷേമ ബോര്‍ഡ് കോവിഡ് കാല സമാശ്വാസ ധനസഹായം നല്‍കുക, ഓട്ടോ, ടാക്സി എന്നിവയെ ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട പോസ്റ്റോഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ സമരം എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. എഐടിയുസി മോട്ടോര്‍ തൊഴിലാളി യൂണിയന് വൈസ് പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. കെ.കെ. ശിവന്‍കുട്ടി, എ.ടി. ബിനോയ്, പി.ആര്. മണി, നിജില്‍ കാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.