പടിയൂര്‍ പഞ്ചായത്തില്‍ വാക്സിന് തിരിമറി; ബിജെപി പ്രതിഷേധ ധര്‍ണ നടത്തി
പടിയൂര്‍: പഞ്ചായത്തില്‍ വാക്സിന് തിരിമറി നടത്തിയ ഡോക്ടറെ പുറത്താക്കുക, വാക്സിന് തിരിമറിക്കു കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പടിയൂര്‍ പിഎച്ച്സിക്കു മുമ്പില്‍ ബിജെപി പ്രതിഷേധ ധര്‍ണ നടത്തി. പ്രതിഷേധ പരിപാടി ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ബിജെപി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് മണ്ണായില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിതിരാജ്, വാണികുമാര്‍ കോപ്പുള്ളിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍മാരായ പ്രഭാത് വെള്ളാപുള്ളി, നിഷ പ്രനീഷ്, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി എള്ളുംപറമ്പില്‍, യുവമോര്‍ച്ച പ്രസിഡന്റ് സുഖിന് പടിയൂര്‍, ജനറല്‍ സെക്രട്ടറി ശൃാംകുമാര്, ശ്രീകുമാര്‍ മണ്ണായില്‍, ഗോപാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
രാഷ്ട്രീയപ്രേരിത നാടകം പഞ്ചായത്ത് പ്രസിഡന്റ്
പടിയൂര്‍: ഗ്രാമപ്പഞ്ചായത്തിന്റെ വാക്സിനേഷനുമായി ബന്ധപ്പെട്ട് ബിജെപിയും അംഗങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചാണ് പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ വാക്സിന് നല്‍കുന്നത്. സഹകരണ ബാങ്കിലെ ദിവസ വേതനത്തില്‍ ജോലിചെയ്യുന്ന രണ്ടു വനിതാ ജീവനക്കാര്‍ക്കു വാക്സിന് നല്കി എന്നാരോപിച്ചാണു ബിജെപി വിലകുറഞ്ഞ രാഷ്ട്രീയനാടകം കളിക്കുന്നത്. സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്കു വാക്സിന് നല്‍കേണ്ടതാണ്. എന്നാല്‍, നാളിതുവരെ ഈ രണ്ടു താത്കാലിക ജീവനക്കാര്‍ക്ക് അല്ലാതെ മറ്റു ജീവനക്കാര്‍ക്കാര്‍ക്കും നല്കുവാന് സാധിച്ചിട്ടില്ല. ഇങ്ങനെയുള്ളപ്പോള്‍ ബിജെപിയുടെ രാഷ്ട്രീയപ്രേരിത നാടകം അവസാനിപ്പിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.