ഭിന്നശേഷിക്കാര്‍ക്കു തെറാപ്പി സേവനങ്ങള്‍ ഇനി വീട്ടു പടിയ്ക്കല്‍
നിപ്മര്‍ റീഹാബ് എക്സ്പ്രസ് നാളെ നാടിനു സമര്‍പ്പിക്കും
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാര്‍ക്കുള്ള തെറാപ്പി സേവനം ഇനി വീട്ടുപടിയ്ക്കല്‍ ലഭ്യമാകും. കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും സാമൂഹ്യ സുരക്ഷാമിഷനും ചേര്‍ന്ന് ഒരുക്കുന്ന റീഹാബ് എക്സ്പ്രസിലൂടെയാണു സേവനം ലഭ്യമാകുക. കെഎസ്ആര്‍ടിസിയുടെ ലോ ഫ്ളോര്‍ എസി ബസാണു റിഹാബ് എക്സ്പ്രസായി ഒരുക്കിയിരിക്കുന്നത്. ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, പ്രോസ്തെറ്റിക് അസസ്മെന്റ് ഉള്‍പ്പടെയുള്ള ചികിത്സാ സേവനങ്ങളാണു റിഹാബ് എക്സ്പ്രസില്‍ ഒരുക്കിയിരിക്കുന്നത്. ഡോക്ടര്‍മാരും വിവിധ തെറാപ്പിസ്റ്റുകളും അടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ സേവനം റീഹാബ് എക്സ്പ്രസിലുണ്ടാകും. തെറാപ്പി സൗകര്യമില്ലാത്ത മേഖലകളിലാണു റിഹാബ് എക്സ്പ്രസ് ക്യാമ്പ് ചെയ്യുക. തുടര്‍തെറാപ്പി ആവശ്യമുള്ള മേഖലകളില്‍ നിരന്തര സന്ദര്‍ശനവും ഒരുക്കുന്നുണ്ട്. ഓരോ മേഖലകളിലും ഭിന്നശേഷി സേവനം ലഭിക്കേണ്ടവരെ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നിപ്മറുമായി ബന്ധപ്പെട്ടാല്‍ റീഹാബ് എക്സ്പ്രസ് സേവനം സൗജന്യമായി ലഭിക്കുമെന്നു നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് റീഹാബ് എക്സ്പ്രസ് സേവനം ലഭ്യമാകുക. ഭിന്നശേഷി ഉപകരണങ്ങള്‍ നല്‍കുന്നതിന് ഒരു തദ്ദേശ സ്ഥാപനത്തിനു പദ്ധതിയുണ്ടെങ്കില്‍ ഭിന്നശേഷി സഹായ ഉപകരണ ആവശ്യകതാ നിര്‍ണയത്തിനും റീഹാബ് എക്സ്പ്രസില്‍ സൗകര്യമുണ്ടാകും. കൂടാതെ അംഗന്‍വാടികള്‍ കേന്ദ്രീകരിച്ചു കുട്ടികളുടെ വളര്‍ച്ചാ വിളംബം പരിശോധിച്ചു ചികിത്സ നല്‍കുന്നതിനും സൗകര്യമുണ്ട്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങി കുട്ടികളില്‍ കണ്ടു വരുന്ന രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും നടത്തും. സാമൂഹ്യസുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു 96 ലക്ഷം രൂപ ചെലവഴിച്ചു പദ്ധതി ഒരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകീട്ടു 3.30 നു നിപ്മറില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിക്കും. സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. അഞ്ജന പദ്ധതി വിശദീകരിക്കും