ക്രൈസ്തവ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒന്നിച്ചു നിന്നു പോരാടണം
ഇരിങ്ങാലക്കുട: ക്രൈസ്തവ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒന്നിച്ചു നിന്നു പോരാടണമെന്നും അതിനു സംസ്ഥാന സര്‍ക്കാര്‍ കൂടെ ഉണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്. രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സിവില്‍ സര്‍വീസ് പോലുള്ള മേഖലകളില്‍ ക്രൈസ്തവ സാന്നിധ്യം ഉറപ്പാക്കണമന്നും മന്ത്രി ഉദ്ബോധിപ്പിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട സ്കോളര്‍ഷിപ്പുകളെക്കുറിച്ച് അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍ ക്ലാസ് നയിച്ചു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളെ കുറിച്ചു അറിവ് നല്കുന്ന രൂപത ന്യൂനപക്ഷ വെബ്സൈറ്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപത മുഖ്യവികാരി ജനറാളും ന്യൂനപക്ഷ സമിതി ചെയര്‍മാനുമായ മോണ്‍ ജോയ് പാല്യേക്കര, ന്യൂനപക്ഷ സമിതി പ്രസിഡന്റ് അഡ്വ. ജോര്‍ഫിന്‍ പെട്ട എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജെബി കോശി കമ്മീഷനു വേണ്ടി രൂപതാ തലത്തില്‍ നടത്തപ്പെട്ട സര്‍വ്വേ റിപ്പോര്‍ട്ട് രൂപത പബ്ലിക് അഫയേര്‍സ് കമ്മിറ്റി കോ-ഓഡിനേറ്റര്‍ ഫാ. ഡോ. ജിനോ മാളക്കാരന്‍ അവതരിപ്പിച്ചു. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട ലോണുകളേയും വായ്പ പദ്ധതികളെയും കുറിച്ച് കേരള സംസ്ഥാന ന്യൂനപക്ഷ ഫിനാന്‍സ് ഡവലപ്മെന്റ് കോ-ഓപ്പറേഷന് ജനറല്‍ മാനേജര്‍ ജോണ്‍ പാറക്ക ബോധവല്‍ക്കരണം നടത്തി. രൂപത ന്യൂനപക്ഷ സമിതി ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍ സ്വാഗതവും രൂപത ന്യൂനപക്ഷ സമിതി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുന്നേലിപറമ്പില്‍ നന്ദിയും പറഞ്ഞു.