മാതൃ-ശിശു സംരക്ഷണകേന്ദ്രം കെട്ടിടത്തിലെ ചോര്‍ച്ച അന്വേഷിക്കണം – കളക്ടര്‍ക്ക് പരാതി
ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ വിഭാഗം കെട്ടിടത്തിന്റെ അപകടാവസ്ഥയും ചോര്‍ച്ചയും അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി. പൊതുപ്രവര്ത്തകന് ഷിയാസ് പാളയംകോടാണ് പരാതി നല്‍കിയത്. 2016-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചതാണ് കെട്ടിടം. 2019-ലാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് അന്നത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് ഡിഎംഒ കത്ത് നല്‍കിയിരുന്നു. മാതൃ-ശിശു വിഭാഗം കെട്ടിടത്തിന്റെ അവസ്ഥ, റാമ്പിന്റെ മേല്‍ക്കൂരയുടെ ചോര്‍ച്ച, ടൈലുകള്‍ അടര്‍ന്നുവീഴുന്നത് എല്ലാം രോഗികള്‍ക്കും ജീവനക്കാര്‍ക്കും അപകടമുണ്ടാക്കുന്നതാണ്. ഇത് എന്‍എച്ച്എം എന്‍ജിനീയര്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നായിരുന്നു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കത്തിലെ നിര്‍ദേശം
കെട്ടിടത്തിന് മുകളില്‍ പുതുതായി നിര്‍മിക്കുന്ന രണ്ടാംനിലയ്ക്കൊപ്പം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്ക്കുകൂടി ഉള്‍പ്പെടുത്തിയാണ് എന്‍എച്ച്എം ഫണ്ട് അനുവദിച്ചിരിക്കുന്നത്. 4.75 കോടി ഉപയോഗിച്ച് കൂടുതല്‍ വാര്‍ഡുകള്‍, പേ വാര്‍ഡ് റൂമുകള്‍, റാമ്പ് റൂം, സ്റ്റെയര്‍ റൂം എന്നിവയ്ക്കു പുറമേ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എന്‍ഐസിയുവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനാണ് പദ്ധതി. എന്നാല്‍, പഴയ കെട്ടിടത്തിന്റെ ഉറപ്പ് വിലയിരുത്താതെ അതിനുമുകളില്‍ പുതിയ കെട്ടിടം നിര്‍മിച്ചാല്‍ അപകടസാധ്യതയേറെയാണെന്നും അതിനാല്‍ ഇക്കാര്യം അന്വേഷിക്കണമെന്നും കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.