ഒരു ജീവന് പൊലിഞ്ഞു; എന്നിട്ടും നടപടി മാത്രം വൈകുന്നു. അധികൃതരേ കണ്ണു തുറക്കൂ, ഇനിയും അപകടം ക്ഷണിച്ചു വരുത്തരുതേ
ഇരിങ്ങാലക്കുട : തിരക്കേറിയ നഗരത്തിലെ പ്രധാന റോഡിലെ കുഴികള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ടൗണിലെ നഗരയാത്ര പലപ്പോഴും നരകയാത്രയാകുന്ന അവസ്ഥയാണിപ്പോള്‍. നഗരസഭാ പരിധിയിലെ റോഡുകളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന കുണ്ടും കുഴിയും അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍വീണ് അപകടത്തില്‍പ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചതോടെയാണ് പ്രതിഷേധവുമായി നാട്ടുക്കാര് രംഗത്തിറങ്ങിയത്.
ഠാണ-ചന്തക്കുന്ന് പൊതുമരാമത്ത് റോഡിന് പുറമേ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് റോഡ്, മാര്‍ക്കറ്റ് റോഡ്, ബൈപ്പാസ് റോഡ്, അഗ്നിരക്ഷാസേന ഓഫീസ് റോഡ് തുടങ്ങി നഗരത്തിലെ ഒട്ടുമിക്ക പ്രധാന റോഡുകളിലും കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. പാതയിലെ വലിയ കുഴികള്‍ വാഹനയാത്രക്കാര്ക്കുണ്ടാക്കുന്ന അപകടഭീഷണിയെക്കുറിച്ച് നേരത്തെ പലരും അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധികൃതര്‍ മുഖം തിരിച്ചതാണ് കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിന് കാരണമെന്നാണ് പ്രധാന ആരോപണം. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മടത്തിക്കര സ്വദേശി മുക്കുളം ബിജോയി സഞ്ചരിച്ചിരുന്ന ബൈക്ക് മാര്‍ക്കറ്റ് റോഡില്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. ചികിത്സയിലിരിക്കെ ബിജോയ് മരിച്ചു.
ചാലക്കുടി ഭാഗത്തുനിന്നുവരുന്ന ബസുകള്‍ മാര്‍ക്കറ്റ് റോഡുവഴിയാണ് ഠാണ-ചന്തക്കുന്ന് റോഡിലേക്ക് കയറുന്നത്. ഈ വഴിയിലെ വളവിലാണ് കുണ്ടും കുഴിയും നിറഞ്ഞുകിടക്കുന്നത്. ഇവിടെയാണ് ബിജോയ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. രണ്ടാഴ്ച മുമ്പ് ഇതേ കുഴിയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയും കുഞ്ഞും ഇതേ കുഴിയില്‍ വീണിരുന്നു. കഴിഞ്ഞ വര്‍ഷം ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെന്നും ആവശ്യമായ ഫണ്ടില്ലാത്തതാണ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വൈകുന്നതെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. നേരത്തെ കരാറുകാരോട് പറഞ്ഞ് മുന്‍കൂറായി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കരാറുകാര്‍ അതിന് തയ്യാറാകുന്നില്ല.
നാട്ടുകാരുടെ മുറവിളിയും ജനകീയ പ്രക്ഷോഭങ്ങളും കണ്ടഭാവം അധികൃതര്‍ക്കില്ല.
റോഡുകളിലെ കുഴികള്‍ അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രണ്ടാഴ്ച മുമ്പ് ശവമഞ്ചവുമായി പ്രതിഷേധസമരം നടത്തിയിരുന്നു. മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനൊന്നും ഫലമുണ്ടായില്ല. റോഡ് നന്നാക്കാന്‍ ചുമതലപ്പെട്ടവര്‍ അതു ചെയ്യുന്നില്ല എന്നുള്ളതാണു ഏറെ ഖേദകരം.
റോഡിലെ കുണ്ടും കുഴിയിലും ജനം പൊറുതി മുട്ടിയിട്ടും ഒട്ടേറെ സമരങ്ങള്‍ നടത്തിയിട്ടും കണ്ടില്ലെന്നു നടിക്കുകയാണു പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കടുത്ത വീഴ്ചമൂലം മാത്രമാണു റോഡ് ഇത്രയും മോശമാകുവാന്‍ കാരണമെന്നാണു ആക്ഷേപം.
യുവാവ് മരിക്കാനിടയായ റോഡിലെ കുഴിയില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ വാഴ നട്ടു റീത്തു വച്ചു പ്രതിഷേധിച്ചു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ യുവാവ് വീണ ഭാഗത്തെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്തു അടച്ചു. കൗണ്ലിലര്മാരായ അഡ്വ. കെ.ആര് വിജയ, സിസി ഷിബിന്‍, അല്‍ഫോണ്‍സ തോമസ്, ടി.കെ ജയനന്ദന്, ഷെല്ലി വില്‍സണ്‍, അഡ്വ. ജിഷ ജോബി, എംഎസ് സഞ്ജയ്, കെ. ആര് ലേഖ എന്നിവര്‍ നേതൃത്വം നല്കി.