കെഎസ്ആര്‍ടിസിയുടെ അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ബസ് സര്‍വീസ് തുടങ്ങി
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസിയുടെ അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ബസ് സര്‍വീസ് ഇരിങ്ങാലക്കുടയിലും പ്രവര്‍ത്തനമാരംഭിച്ചു. എവിടെ നിന്നു കയറാനും ഇറങ്ങാനും കഴിയുന്ന കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസാണിത്. ഇരിങ്ങാലക്കുട തൃപ്രയാര്‍ ചാലക്കുടി റൂട്ടിലാണു സര്‍വീസ് ആരംഭിച്ചത്. രാവിലെ ഇരിങ്ങാലക്കുടയില്‍ നിന്നു എടമുട്ടം വഴി തൃപ്രയാര്‍ക്കും തിരിച്ച് ഇരിങ്ങാലക്കുട തൊമ്മാന കല്ലേറ്റുംകര ആളൂര്‍ വഴി ചാലക്കുടിയിലേക്കും സര്‍വീസ് നടത്തും. രാവിലെ 6.30 നു ഇരിങ്ങാലക്കുടയില്‍ നിന്നും തൃപ്രയാര്ക്കാണു ആദ്യ ട്രിപ്പ്. എട്ടിനു തൃപ്രയാറില്‍ നിന്നു ചാലക്കുടിക്കും 11 നു ചാലക്കുടിയില്‍ നിന്നു തൃപ്രയാര്‍ക്കും ഉച്ചയ്ക്കു രണ്ടിനു തൃപ്രയാറില്‍ നിന്നു ചാലക്കുടിയിലേക്കും വൈകുന്നേരം അഞ്ചിനു ചാലക്കുടിയില്‍ നിന്നു തൃപ്രയാര്‍ക്കും രാത്രി 7.55 നു തൃപ്രയാറില്‍ നിന്നു ഇരിങ്ങാലക്കുട എത്തി സര്‍വീസ് അവസാനിപ്പിക്കും. ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാര്‍, കെഎസ്ആര്‍ടിസി ചാലക്കുടി എടിഒ ടി.കെ. സന്തോഷ്, ഇരിങ്ങാലക്കുട സ്റ്റേഷന് ഇന്‍ചാര്‍ജ് പി. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍, യൂണിയന് പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.