മുരിയാട് പഞ്ചായത്തില്‍ തദ്ദേശ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു

മുരിയാട് പഞ്ചായത്തില്‍ തദ്ദേശ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
മുരിയാട്: സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 30 റോഡുകളുടെ നവീകരണത്തിനായി എട്ട് കോടി 39 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. മുരിയാട് ആരംഭ നഗര്‍ പരിസരത്ത് നടന്ന മുരിയാട് പഞ്ചായത്തിലെ രണ്ട് റോഡുകളുടെ നവീകരണ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുരിയാട് മഠം കപ്പേള ആരംഭ നഗര്‍ റോഡ്, കറളിപ്പാടം താര മഹിളാ സമാജം റോഡ് എന്നീ റോഡുകളുടെ നവീകരണ നിര്‍മ്മാണോദ്ഘാടനമാണ് നടന്നത്.
മുരിയാട് മഠം കപ്പേള ആരംഭ നഗര്‍ റോഡിന് 20 ലക്ഷം രൂപയും കറളിപ്പാടം താര മഹിളാ സമാജം റോഡിന് 22 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് മുഖ്യാതിഥിയായി. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.യു. വിജയന്, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, മണി സജയന്, മുരിയാട് കോ ഓര്‍പ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എ. മനോഹരന് എന്നിവര്‍ പങ്കെടുത്തു.