വിമുക്ത ഭടന് 61-ാം വയസില്‍ എല്‍എല്‍ബിക്ക് പ്രവേശനം, കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂളില്‍ നിന്നും 40 വര്‍ഷം മുമ്പത്തെ ടിസി നേടി

എം.എസ്. രാമചന്ദ്രന്.
ഇരിങ്ങാലക്കുട: 61-ാം വയസില്‍ എന്‍ട്രന്‍സ് എഴുതി തൃശൂര്‍ ലോ കോളജില്‍ ഫസ്റ്റ് അലോട്ട്മെന്റില്‍ പ്രവേശനം നേടുകയായിരുന്നു എം.എസ്. രാമചന്ദ്രന്. കല്ലേറ്റുംകര സ്വദേശിയും, 19 കൊല്ലത്തെ രാജ്യസേവനം കഴിഞ്ഞ് തിരിച്ചെത്തിയ വിമുക്ത ഭടനും, അതിനു ശേഷം സ്റ്റാഫ് സെലക്ഷന് കമ്മീഷന്റെ പരീക്ഷ എഴുതി എക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ജോലിക്ക് കയറി ഗസറ്റഡ് റാങ്കിലുള്ള അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ തസ്തികയില്‍ നിന്ന് റിട്ടയര്‍ ചെയ്യുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. എല്‍എല്‍ബിക്ക് പ്രവേശനം നേടുവാന്‍ കോളജില്‍ നല്‍കാനുള്ള സ്കൂളില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി.) ലഭിക്കാന്‍ ഹൈക്കോടതി വരെ കയറിയേണ്ടി വന്നു.
പത്താം ക്ലാസിനു ശേഷം പ്രൈവറ്റ് കോളജുകളില്‍ തുടര്‍പഠനം നടത്തിയതിനാല്‍ എല്‍എല്‍ബിക്ക് അഡ്മിഷന് ലഭിക്കാന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ നിന്നു ലഭിച്ച ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണം എന്നതിനാലാണ് രാമചന്ദ്രന് പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ എത്തിയത്. അഡ്മിഷന് എടുക്കേണ്ട അവസാന തീയ്യതിക്ക് മുന്‍പായി ടിസി ലഭിക്കുവാന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.
രാമചന്ദ്രന് ടിസി ആവശ്യപ്പെട്ട് സ്കൂളില്‍ എത്തിയപ്പോള്‍ തന്നെ 40 വര്‍ഷത്തിലധികം മുമ്പത്തെ രേഖയായതിനാല്‍ രണ്ടു ദിവസത്തെ സാവകാശം ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടിരുന്നു. ഉന്നത പഠനത്തിനുള്ള ആവശ്യമായതിനാല്‍ മറ്റു നിയമ വശങ്ങള് മാറ്റിവച്ച് പിറ്റേന്ന് തന്നെ അദ്ദേഹത്തിന്റെ ടിസി ശരിയാക്കി വച്ചിരുന്നെങ്കിലും ആദ്യ തവണ വന്നതിനു ശേഷം പിന്നീട് ഹൈക്കോടതി ഉത്തരവുമായിട്ടാണ് രാമചന്ദ്രന് സ്കൂളിലേക്ക് എത്തിയതെന്നു ഹെഡ്മിസ്ട്രസ് വ്യക്തമാക്കി.