ഗുണ്ടാതലവന്റെ ഭാര്യയുടെ കൊലപാതകം: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവിനും മൂന്നു ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു

പ്രതികളായ ദര്‍ശന്‍കുമാര്‍, ശരത്ത്, നിഖില്‍ദാസ്, രാകേഷ്.
ഇരിങ്ങാലക്കുട: ഗുണ്ടാതലവന്റെ ഭാര്യയായ കാട്ടൂര്‍ നന്തിപുലം പാടത്ത് നന്ദാനത്ത്പറമ്പില് ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) യെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവിനും മൂന്നു ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പ്രതികളായ കാട്ടൂര്‍ നന്തിലത്തു പറമ്പില്‍ വീട്ടില്‍ ദര്ശന് കുമാര്‍ (35), കാട്ടൂര്‍ വില്ലേജ് കരാഞ്ചിറ സ്വദേശി ചെമ്പാപ്പുള്ളി വീട്ടില്‍ നിഖില്‍ ദാസ് (35), പുല്ലഴി വില്ലേജ് ഒളരി സ്വദേശി നങ്ങേലി വീട്ടില്‍ ശരത്ത് (36), ചൊവ്വൂര്‍ വില്ലേജ് പാറക്കോവില്‍ സ്വദേശി കള്ളിയത്ത് വീട്ടില്‍ രാകേഷ് (32) എന്നിവരെയാണ് ശിക്ഷിച്ചത്.
ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍. വിനോദ് കുമാര്‍ വിധി പ്രസ്താവിച്ചു. പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവിനും മൂന്നു ലക്ഷം രൂപ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. പിഴ തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവിനും മക്കള്‍ക്കും നഷ്ടപരിഹാരമായി നല്‍കുന്നതിനും കോടതി ഉത്തരവായി. 2021 മാര്‍ച്ച് 14ന് രാത്രി പത്തരയോടെയാണ് വീടിനു മുന്നില്‍ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റു ലക്ഷ്മി മരിച്ചത്. കാട്ടൂര്‍കടവിലെ വാടകക്ക് താമസിക്കുന്ന വീടിനു മുന്‍വശം റോഡില്‍ വച്ച് തോട്ടയെറിഞ്ഞ് വീഴ്ത്തിയാണ് ലക്ഷ്മിയെ വാളു കൊണ്ട് വെട്ടികൊലപ്പെടുത്തിയത്.
പ്രതികള്‍ ഗുണ്ടാ ലിസ്റ്റിലുള്ളതും നിരവധി കേസുകളിലെ പ്രതികളുമാണ്
കൊലപാതകം, കവര്‍ച്ച, അടിപിടി അടക്കം നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടാസംഘാംഗങ്ങളായ നാലു പേരെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍. വിനോദ്കുമാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ദര്‍ശന്‍കുമാര്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ പേരുള്ളയാളും കാട്ടൂര്‍, അന്തിക്കാട്, വലപ്പാട്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധികളിലായി ഏഴ് കവര്‍ച്ചക്കേസുകളിലും രണ്ട് വധശ്രമക്കേസുകളിലും സ്ത്രീയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് മാനഹാനി വരുത്തിയ ഒരു കേസിലും മയക്കു മരുന്ന് വില്പനക്കായി കൈവശം സൂക്ഷിച്ച ഒരു കേസിലും മൂന്ന് അടിപിടിക്കേസുകളിലും അടക്കം പതിനഞ്ച് ക്രമിനല്‍ക്കേസുകളിലെ പ്രതിയാണ്.
രാകേഷ് ചേര്‍പ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ റൗഡി ലിസ്റ്റില്‍ പേരുള്ളയളും 2020 സെപ്റ്റംബര്‍ ഒമ്പതിന് പാറക്കോവില്‍ വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലും ചേര്‍പ്പ്, കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലായി കവര്‍ച്ച, വധശ്രമം, അടിപിടി എന്നിങ്ങനെയുള്ള ആകെ ഏഴ് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. ഇന്‍സ്പെക്ടര്‍മാരായ വി.വി. അനില്‍കുമാര്‍, അനീഷ് കരീം, ടി.വി. ഷിബു, സി.ബി. അരുണ്‍, പി. ജ്യോതീന്ദ്രകുമാര്‍, എസ്ഐമാരായ ആര്. രാജേഷ്, കെ. സുഹൈല്‍, ജസ്റ്റിന്, രഞ്ജിത്ത്, ജിനുമോന്‍ തച്ചേത്ത്, എഎസ്ഐ പി. ജയകൃഷ്ണന്, സീനിയര്‍ സിപിഒ മാരായ പ്രസാദ്, ഇ.എസ്. ജീവന്, കെ.എസ്. ഉമേഷ്, കെ.വി. ഫെബിന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാര്‍ ആണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്തു നിന്നും 59 സാക്ഷികളെ വിസ്തരിക്കുകയും 39 തൊണ്ടിമുതലുകളും 176 രേഖകളും മാര്‍ക്ക് ചെയ്യുകയും ചെയ്തു. പ്രതി ഭാഗത്തു നിന്നും മൂന്നു സാക്ഷികളെ വിസ്തരിക്കുകയും അഞ്ചു രേഖകള്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോജി ജോര്‍ജ്, മുന്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ.പി.ജെ. ജോബി, ഡ്വ. എബില്‍ ഗോപുരന്‍, അഡ്വ.പി.എസ്. സൗമ്യ എന്നിവര്‍ ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ സിപിഒ കെ.വി. വിനീഷ് പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. സംഭവത്തില്‍ മൂന്നു പ്രതികളെ തെളിവില്ലെന്നു കണ്ട് കോടതി വെറുതെ വിട്ടിരുന്നു. കേസിലെ അഞ്ച് മുതല്‍ ഏഴ് കൂടി പ്രതികളായ പൊഞ്ഞനം പള്ളിച്ചാടത്ത് വീട്ടില്‍ ശ്രീവത്സന്‍, താണിശേരി കുമ്മക്കണ്ടത്ത് വീട്ടില്‍ ഷാനവാസ്, വടക്കുഞ്ചേരി ആലുങ്കല്‍ വീട്ടില്‍ ഗിരീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി മുമ്പ് വെറുതെവിട്ട് ഉത്തരവായത്.
