കാട്ടൂരിലെ കിണറുകളില്‍ രാസമാലിന്യം; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍

കാട്ടൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്തെ ജനങ്ങള്‍ മന്ത്രി ഡോ.ആര്. ബിന്ദുവിനെ പ്രതിഷേധമറിയിക്കാനെത്തിയപ്പോള് പോലീസ് തടഞ്ഞതോടെ നടുറോഡില്‍ കുത്തിയിരുന്നു സമരം നടത്തുന്നു.
മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഉപരോധിച്ചു, ഉദ്ഘാടന പരിപാടിക്കിടെ മന്ത്രിയെ പ്രതിഷേധമറിയിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു
കാട്ടൂര്‍: മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്തെ കുടിവെള്ള മലിനീകരണത്തില്‍ പ്രതിഷേധിച്ച് ജനകീയ കുടിവെള്ള സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദുവിനെ പ്രതിഷേധമറിയിക്കുവാനുള്ള പരിശ്രമം പോലീസ് തടഞ്ഞു. കാട്ടൂര്‍ മഹിളാ സമാജം ഹാളില്‍ വനിത ഫിറ്റ്നസ് സെന്റര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് വായ് മൂടിക്കെട്ടി പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിക്കാനുള്ള ശ്രമം നടത്തിയത്. നാലു മണിയോടെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തു നിന്നും 150 ഓളം പേര് വായ് മൂടിക്കെട്ടി പ്ലക്കാര്‍ഡുകളും കൈകളിലേന്തി മന്ത്രി പങ്കെടുക്കുന്ന വേദിയിലേക്ക് പ്രകടനം ആരംഭിച്ചു.
സംഭവമറിഞ്ഞ് പ്രതിഷേധക്കാരെ തടയുന്നതിനായി കനത്ത പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്. കാട്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. മന്ത്രി പങ്കെടുക്കുന്ന വേദിക്കു 100 മീറ്റര്‍ അകലെ പോലീസ് ബാരിക്കേഡ് വച്ച് പ്രതിഷേധക്കാരെ തടഞ്ഞു. ഇതോടെ ജനങ്ങള്‍ റോഡില്‍ കുത്തിയിരിപ്പു നടത്തി. കറുത്ത തുണി കൊണ്ട് വായ്മൂടിക്കെട്ടി പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധം. വൈകീട്ട് ആറര വരെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഇതിനിടയില്‍ മന്ത്രി ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി. ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി പ്രതിഷേധക്കാരെ കാണുവാനോ സംസാരിക്കുവാനോ ശ്രമിച്ചില്ല. ഇന്നലെ രാവിലെ 8.30ന് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് മുന്നില്‍ ആരംഭിച്ച ഉപരോധ സമരം ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം പേരാണ് ഉപരോധ സമരത്തില്‍ പങ്കെടുത്തത്. കുടിവെള്ളസംരക്ഷണസമിതി പ്രസിഡന്റ് അരുണ്‍ വന്‍പറമ്പില്‍ അധ്യക്ഷനായി.
കഴിഞ്ഞ മാസം 23 ന് കാട്ടൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ആരോപണവിധേയമായ രണ്ട് കമ്പനികള്‍ താത്കാലികമായി അടച്ചിടുമെന്ന് വാക്കുനല്‍കിയിരുന്നെന്നും എന്നാല്‍ നാളിതുവരെയായി ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും സംരക്ഷണസമിതി അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഉപരോധസമരം നടത്തിയത്.
മിനി ഇന്‍ഡസ്ട്രിയല്‍ എ്റ്റേറ്റിനു മുന്നിലെ ഉപരോധ സമരത്തിനും നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധത്തിനും കുടിവെള്ള സംരക്ഷണസമിതി പ്രസിഡന്റ് അരുണ്‍ വന്‍പറമ്പില്‍, പഞ്ചായത്തംഗം മോളി പിയൂസ്, ട്രഷറര്‍ ജോയ് തോമസ് എന്നിവര്‍ നേതൃത്വം നല്കി. റോഡില്‍ കുത്തിയിരുപ്പു സമരം നടത്തിയ 30 ഓളം പേര്‍ക്കെതിരെ കാട്ടൂര്‍ പോലീസ് കേസെടുത്തു.
