ജൈവ വൈവിധ്യ പുരസ്കാരം ക്രൈസ്റ്റ് കലാലയം ഏറ്റുവാങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ ജൈവ വൈവിധ്യ പുരസ്കാരം കേരള നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറില്‍ നിന്ന് ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, അധ്യാപകനായ ഡോ. സുബിന് കെ. ജോസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ ജൈവ വൈവിധ്യ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏറ്റുവാങ്ങി. കേരള നിയമസഭ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരള നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറില്‍ നിന്ന് കോളജിനുവേണ്ടി മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, അധ്യാപകനായ ഡോ. സുബിന് കെ. ജോസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. സംസ്ഥാന വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശിധരന് സന്നിഹിതനായിരുന്നു.
ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെയും വിജയകരമായ പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്രൈസ്റ്റ് കലാലയം അവാര്‍ഡിന് അര്‍ഹമായത്. പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണ മേഖലയില്‍ സൃഷ്ടിച്ച പുതുമ, ശാസ്ത്രീയ മാര്ഗങ്ങളിലൂന്നിയ പ്രകൃതിസംരക്ഷണം എന്നിവയ്ക്കുള്ള അംഗീകാരമാണ് ക്രൈസ്റ്റ് കോളജിന് ലഭിച്ച അവാര്‍ഡ്.
വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ തണല്‍ വിരിക്കുന്ന ക്യാമ്പസ് പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദമാണ്. സീറോ വേസ്റ്റ് ക്യാമ്പസ്, കാര്‍ബണ്‍ ന്യൂട്രല്‍ ക്യാമ്പസ്, അഗ്രോ ഇന്നവേഷന്‍ പാര്‍ക്ക് എന്നിവ ക്രൈസ്റ്റിന്റെ വ്യതിരിക്തതകളാണ്. ക്രൈസ്റ്റ് കോളജില്‍ കുട്ടികളുടെയും അധ്യാപകരുടെയും മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ഹരിതാഭമായ അഗ്രോ ഇന്നോവേഷന്‍ പാര്‍ക്കില്‍ ആധുനികതയും പഴമയും ഇഴചേര്‍ന്നുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.