കെഎസ്ടിപി റോഡ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു

തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റോഡില്‍ നടക്കുന്ന കെഎസ്ടിപി റോഡ് നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി സെന്റ് ജോസഫ്സ് കോളജിനു സമീപം പണികള്‍ ആരംഭിച്ച നിലയില്‍.
ഇരിങ്ങാലക്കുട: തൃശൂര്‍- കൊടുങ്ങല്ലൂര്‍ റോഡില്‍ നടക്കുന്ന കെഎസ്ടിപി റോഡ് നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി ഠാണാ – ചന്തക്കുന്ന് ജംഗ്ഷന് വികസനം ഉള്‍പ്പെടുന്ന അണ്ടാണിക്കുളം മുതല്‍ പൂതംകുളംവരെയുള്ള റീച്ചില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. സെന്റ് ജോസഫ്സ് കോളജിനുസമീപം റോഡിന്റെ കിഴക്കു ഭാഗത്തെ ടാറിംഗ് പൊളിച്ചുനീക്കുന്ന നടപടികളാണ് ആരംഭിച്ചത്. നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതിനെ ഭാഗമായി പുതിയ ഗതാഗതനിയന്ത്രണവും പ്രാബല്യത്തില്‍വന്നു.
കൊടുങ്ങല്ലൂരില്‍നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്കുവരുന്ന വാഹനങ്ങള്‍ വെള്ളാങ്കല്ലൂരില്നിന്നു ഇടത്തോട്ടുതിരിഞ്ഞ് അരിപ്പാലം സെന്ററില്‍ എത്തി അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് എടക്കുളം റോഡ് വഴി ചേലൂര്‍ സെന്ററില്‍ എത്തി വലത്തോട്ടുതിരിഞ്ഞ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തി തൃശൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
തൃശൂരിൽനിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിലവിലെ ഗതാഗതം അനുസരിച്ച് റോഡിന്റെ ഇടതുവശത്തുകൂടി കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകാവുന്നതാണ്. നിര്‍മാണം പൂര്‍ത്തീകരിച്ച് 2026 ഫെബ്രുവരി അവസാനത്തോടെ തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റോഡും ഠാണാ – ചന്തക്കുന്ന് ജംഗ്ഷനും പൂര്‍ണമായും സഞ്ചാരയോഗ്യമാക്കുമെന്നാണ് മന്ത്രി ആര്. ബിന്ദു അറിയിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ ഗതാഗതനിയന്ത്രണം
ഇരിങ്ങാലക്കുട: കലുങ്ക് നിര്‍മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ ഗതാഗത നിയന്ത്രണം. ഠാണാ – ചന്തക്കുന്ന് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നഗരത്തില്‍ ഠാണാ ജംഗ്ഷനില്‍നിന്നും തൃശൂര്‍ ഭാഗത്തേയ്ക്കുപോകുന്ന വഴിയാണ് കലുങ്ക് നിര്‍മാണത്തിനായി അടച്ചിട്ടിരിക്കുന്നത്. ചാലക്കുടിയില്‍നിന്നു തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മെറീനാ ആശുപത്രി പരിസരത്തുനിന്ന് തിരിഞ്ഞ് മാര്‍വെല്‍ ജംഗ്ഷന് വഴി പോകണം. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡ് റോഡിലൂടെ ബൈപാസ് വഴി തിരിഞ്ഞ് പൂതംകുളം ജംഗ്ഷനില്‍ എത്തണം.