ട്രിപ്പിൾ ലോക്ക് ഡൗൺ ദിനത്തിൽ രണ്ട് പുതിയ കള്ള് ഷാപ്പുകൾ തുറക്കാൻ ശ്രമം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയിൽ പതിനെട്ടാം വാർഡിൽ അറവുശാലക്കു സമീപവും, പത്തൊൻപതാം വാർഡിൽ ഉൗമൻകുളത്തിന് സമീപവുമാണ് കള്ളു ഷാപ്പുകൾ പ്രവർത്തനമാരംഭിച്ചത്. എന്നാൽ ഷാപ്പുകൾ പ്രവർത്തനമാരംഭിച്ചതറിഞ്ഞോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ജനവാസ കേന്ദ്രമായ പതിനെട്ടാം വാർഡിലെ ഷാപ്പിനു മുൻപിൽ പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധവുമായെത്തിയതോടെ ഷാപ്പുടമകൾ ഷാപ്പടച്ച് പോകുകയായിരുന്നു. എന്നാൽ ഉടമകൾ സ്ഥലത്തു നിന്നും പോയിട്ടും പ്രതിഷേധവുമായെത്തിയവർ പിരിഞ്ഞു പോകാൻ തയ്യാറായിരുന്നില്ല. നഗരസഭ അതിക്യതരടക്കമുള്ളവർ സ്ഥലത്തെത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അറവുശാലക്കു സമീപം കള്ളു ഷാപ്പു വരുന്നത് ഇൗ പ്രദേശത്തെ ജനജീവിതത്തെ ബാധിക്കുമെന്നും, ഷാപ്പ് തുറന്നു പ്രവർത്തിപ്പിക്കുവാൻ അനുവദിക്കില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭമറിഞ്ഞ് മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, മുനിസിപ്പൽ വൈസ് ചെയർമാൻ പി. ടി. ജോർജ്ജ്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ ജെയ്സൺ പാറേക്കാടൻ, സി. സി. ഷിബിൻ, എൽ. ഡി. എഫ്. പാർലമെന്ററി പാർട്ടി ലീഡറും, സി. പി. എെ. എം. ജില്ലാ കമ്മറ്റിയംഗവുമായ അഡ്വ കെ. ആർ. വിജയ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ടി. വി. ചാർളി എന്നിവർ സ്ഥലത്തെത്തിയിരുന്നു. കള്ളു ഷാപ്പുകൾ പ്രവർത്തിപ്പിക്കുന്നതിന് നഗരസഭ അനുമതി നൽകിയിട്ടില്ലെന്ന് ചെയർപേഴ്സൺ സോണിയ ഗിരി പറഞ്ഞു. പതിനെട്ടാം വാർഡിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടം നഗരസഭയുടെ അനുമതിയോടെ അല്ലെന്നും, ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ചെയർപേഴ്സൺ സോണിയ ഗിരി പറഞ്ഞു. അവധി ദിനത്തിൽ ഷാപ്പുകൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള ഉടമസ്ഥരുടെ ശ്രമം ജനങ്ങളിൽ നിന്നും പലതും മറച്ചു വക്കാനുണ്ടെന്നതിന് തെളിവാണന്ന് സ്ഥലത്തെത്തിയ എൽ. ഡി. എഫ്. പാർലമെന്ററി പാർട്ടി ലീഡറും, സി. പി. എെ. എം. ജില്ലാ കമ്മറ്റിയംഗവുമായ അഡ്വ കെ. ആർ. വിജയ പറഞ്ഞു. പതിനെട്ടാം വാർഡിലെ ഷാപ്പ് ആരംഭിച്ച കെട്ടിടത്തിന് നഗരസഭ നിർമാണ അനുമതി നൽകിയിട്ടില്ലെന്ന് നഗരസഭാതിക്യതർ വിശദീകരിച്ചു. എന്നാൽ പത്തൊൻപതാം വാർഡിൽ കാർഷികാവശ്യത്തിനായി എന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിട നിർമാണത്തിന് അനുമതി വാങ്ങിയിട്ടുള്ളതെന്ന് നഗരസഭാതിക്യതർ പറഞ്ഞു. പത്തൊൻപതാം വാർഡിൽ ഷാപ്പ് ആരംഭിച്ച കെട്ടിടത്തിന് തൊട്ടടുത്താണ് അംഗൻവാടി പ്രവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. പത്തൊൻപതാം വാർഡിൽ ആരംഭിച്ച ഷാപ്പും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഷാപ്പുടമകൾ അടക്കുകയായിരുന്നു. മുനിസിപ്പൽ കൗൺസിലർ ഫെനി എബിൻ, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ജോസഫ് ചാക്കോ, ന്യുനപക്ഷ മോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിൻസെന്റ്, രാഗി മാരാത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി എന്നിവർ പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്നു. നഗരസഭാതികൃതരടക്കമുള്ളവർ സ്ഥലത്തെത്തിയതോടെ രണ്ടു ഷാപ്പുകളും നാട്ടുകാർ പൂട്ടി താക്കോൽ ചെയർപേഴ്സൺ സോണിയ ഗിരിക്ക് കൈമാറി. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട പോലീസും സ്ഥലത്തെത്തിയിരുന്നു. എക്സൈസ് വകുപ്പ് നൽകിയ ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് ഷാപ്പുകൾ പ്രവർത്തനം ആരംഭിച്ചതെന്ന് ലൈസൻസി പൊഞ്ഞനം സ്വദേശി സജീഷ് പറഞ്ഞു.