കള്ള് ഷാപ്പുകളുടെ ഗോഡൗൺ താത്കാലികമായി അടച്ചിടാൻ തീരുമാനം
ഇരിങ്ങാലക്കുട: നഗരസഭയുടെ 18, 19 വാർഡുകളിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച കള്ള് ഷാപ്പുകളുടെ ഗോഡൗൺ താത്കാലികമായി അടച്ചിടാൻ ഇത് സംബന്ധിച്ച് ചേർന്ന ജനപ്രതിനിധികളുടെയും പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെയും പൗരസമിതി ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനം.
കാർഷിക ആവശ്യങ്ങൾക്കായുള്ള സംഭരണ കേന്ദ്രം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഷാപ്പുകൾക്കായുള്ള ഷെഡ്ഡുകളുടെ ഒക്യുപൻസി നേടിയിട്ടുള്ളതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ ധരിപ്പിച്ച് കഴിഞ്ഞ സാഹചര്യത്തിൽ, കമ്മീഷണറുടെ മറുപടി ലഭിക്കുന്നത് വരെയാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. ഷാപ്പുകളുടെ താക്കോൽ നഗരസഭ ചെയർപേഴ്സന്റെ കൈവശം സൂക്ഷിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. നഗരസഭയെ തെറ്റിദ്ധരിപ്പിച്ചാണ് ഷാപ്പുകളുടെ ഷെഡ്ഡ് നിർമ്മാണത്തിന് ബന്ധപ്പെട്ടവർ അനുമതി തേടിയതെന്ന് യോഗത്തിൽ ചെയർപേഴ്സനും നഗരസഭ സെക്രട്ടറിയും വിശദീകരിച്ചു. 19ാം വാർഡിലുള്ള അംഗൻവാടിക്ക് സമീപം കള്ള് ഷാപ്പ് വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇൗ വർഷം ജനുവരിയിൽ തന്നെ നഗരസഭക്ക് നിവേദനം നല്കിയിരുന്നതായും ഷാപ്പ് കെട്ടിടം അടിയന്തരമായി പൊളിച്ച് കളയണമെന്ന് സമരസമിതി കൺവീനർ ജോസഫ് ചാക്കോ ആവശ്യപ്പെട്ടു. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷാപ്പുകൾക്ക് ലൈസൻസ് നല്കിയിട്ടുള്ളതെന്നും ലൈൻസൻസ് നല്കിയിട്ടുള്ള സ്ഥാപനം പൂട്ടിയിടാൻ കഴിയില്ലെന്നും എക്സൈസ് സി എെ നിസ്സാർ യോഗത്തിൽ വ്യക്തമാക്കി. ജനവികാരത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും ഷാപ്പ് ലൈസൻസി കോടതിയെ സമീപിക്കുകയും പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്താൽ കൊടുക്കാതെ പറ്റില്ലെന്ന് പോലീസ് സി എെ അനീഷ് കരീമും അറിയിച്ചു. ഷാപ്പുകളുടെ താക്കോൽ ഉദ്യോഗസ്ഥരെ ഏല്പിക്കാൻ ചെയർപേഴ്സൺ ശ്രമിച്ചുവെങ്കിലും ഏറ്റുവാങ്ങാൻ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. വൈസ് ചെയർമാൻ പി ടി ജോർജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൻ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാരായ ടി വി ചാർളി, സന്തോഷ് ബോബൻ, ഫെനി എബിൻ വെള്ളാനിക്കാരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.യോഗത്തിലേക്ക് മാധ്യമ പ്രവർത്തകർക്ക് നഗരസഭ അധിക്യതർ പ്രവേശനം നിഷേധിച്ചെങ്കിലും പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സീനിയർ കൗൺസിലർ ടി.വി ചാർളി ഇടപെട്ട് മാധ്യമങ്ങൾക്ക് പ്രവേശനം നൽകി