കരുവന്നൂര്‍ ബാങ്കിന്റെ പ്രതാപം വീണ്ടെടുക്കാന്‍ സിപിഎം നേതൃത്വവും
വായ്പ്പാ കുടിശികകള്‍ തിരിച്ചടയ്ക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും പദ്ധതികള്‍
ഇരിങ്ങാലക്കുട: ബാങ്കിന്റെ നിലനില്‍പ്പിനും സുഗമമായ നടത്തിപ്പിനും സിപിഎം നേതൃത്വം തയാറെടുക്കുന്നു. അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങള്‍ ബാങ്ക് ഭരണസമിതിക്കും സിപിഎം നേതൃത്വത്തിനും ഏറെ അപമാനമാണ് ഉണ്ടാക്കിയത്. ഇതില്‍ നിന്ന് മുഖം രക്ഷിക്കുവാനും ജനങ്ങളില്‍ നഷ്ടപ്പെട്ട പാര്‍ട്ടിയുടെ സ്വാധീനം വീണ്ടെടുക്കുന്നതിനുമാണ് സിപിഎം ഇപ്പോള്‍ ഏറെ ശ്രദ്ധിക്കുന്നത്. നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കുന്നതിനായി ബാങ്കില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുവാനും വായ്പ്പാ കുടിശിക തീര്‍ക്കുന്നതിനുമാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. നിലവിലെ ഭരണ സമിതിയെ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരുന്നുവെങ്കിലും പിന്നീട് മൂന്നംഗം അഡ്ഹോക്ക് കമ്മിറ്റിക്കു ഭരണ ചുമതല കൈമാറുകയായിരുന്നു. വായ്പകള്‍ തിരിച്ചടപ്പിക്കുക വഴി ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുകയും പിന്നീട് തെരഞ്ഞെടുപ്പ് നടത്തി ഭരണസമിതിയെ ഏല്‍പ്പിക്കുക എന്നുള്ളതാണ് ഇവരുടെ ചുമതല. ഒമ്പതു പേരടങ്ങുന്ന ഉന്നതാധികാരസമിതി കഴിഞ്ഞ 10 ദിവസമായി ബാങ്കിലെ വായ്പകളുടെയും നിക്ഷേപങ്ങളുടെയും കണക്കെടുപ്പ് നടന്നു വരുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും പരിശോധിക്കുന്നുണ്ട്. ഇവര്‍ക്കു സിപിഎം നേതൃത്വം പരോക്ഷ സഹകരണം നല്‍കുന്നുണ്ട്. ബാങ്കിന്റെ ഏറ്റവും കൂടുതല്‍ ഇടപ്പാടുക്കാരുള്ള കരുവന്നൂര്‍, പൊറത്തിശേരി, മൂര്‍ക്കനാട് പ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത വീണ്ടെടുക്കുക എന്നുള്ളതാണ് സിപിഎം ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചാല്‍ സഹകരണ ബാങ്കുകളുടെ നിലനില്പ് അപകടത്തിലാകും. അതിനാല്‍ നിക്ഷേപകരായ 30 പേര്‍ക്ക് ദിവസവും 10,000 രൂപ വീതം ബാങ്കില്‍ നിന്നും ഇപ്പോള്‍ നല്‍കുന്നുണ്ട്. എല്ലാ തിങ്കളാഴ്ചകളിലും 150 എണ്ണം വീതം ഒരാഴ്ചക്കുള്ള ടോക്കണുകള്‍ നല്‍കും. നിക്ഷേപകര്‍ക്കു പണം തിരികെ ലഭിക്കും എന്ന വിശ്വസ്തത ഉണ്ടാക്കുവാന്‍ ഇത് സാധിക്കുമെന്നാണ് കരുതുന്നത്. ബാങ്കില്‍ നിന്നും വായ്പ എടുത്തിരിക്കുന്നവരെ കണ്ടെത്തി അവരോടു കുടിശിക തീര്‍പ്പാക്കുവാന്‍ പാര്‍ട്ടി നേതൃത്വം സമ്മര്‍ദം ചെലുത്തുന്നുണ്ട്. 350 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നു പറയുന്നുണ്ടെങ്കിലും 107.34 കോടി രൂപയുടെ തട്ടിപ്പ് മാത്രം നടന്നതായാണ് സഹകരണ മന്ത്രി വി.എന്‍. വാസവന് നിയമസഭയില്‍ പറഞ്ഞത്. വായ്പ്പാ തട്ടിപ്പുമായി നിരവധി വാര്‍ത്തകള്‍ പുറത്തു വരുകയും കേസുകള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ പലരും വായ്പകള്‍ തിരിച്ചടക്കുന്നതിനു തയാറായി അഡ്മിനിസ്ട്രേറ്ററെ സമീപിച്ചിട്ടുണ്ട്. വായ്പ്പാകുടിശികയായുള്ള തുക ബാങ്കില്‍ തിരികെ എത്തുക, തട്ടിപ്പില്‍ പ്രതികളായിട്ടുള്ളവരുടെ അനധികൃത സ്വത്തുകള്‍ കണ്ടുകെട്ടുക എന്നിവ ഉടന്‍ സാധ്യമായാല്‍ ബാങ്കിന്റെ പ്രവര്‍ത്തനം വളരെ എളുപ്പത്തില്‍ സുഗമമാകും എന്നാണ് കണക്കുകൂട്ടുന്നത്. കോവിഡ് കാലമായതിനാലും വായ്പ്പാ കുടിശിക വേണെന്ന് ആവശ്യപ്പെട്ടതോടെ പൊറത്തിശേരി മുന്‍ പഞ്ചായത്തംഗം മുകുന്ദന് ആത്മഹത്യ ചെയ്തതിനാലും കുടിശിക തീര്‍പ്പാക്കാന്‍ ആരെയും നിര്ബന്ധിപ്പിക്കരുതെന്നാണ് ഇപ്പോഴത്തെ നയം. ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിനും വായ്പ തിരിച്ചടവിനും കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഇതിനകം പലരും ഉന്നയിച്ചിട്ടുണ്ട്. ബാങ്കിനു കീഴിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ വരുമാനം കൊണ്ടാണു നിലവില്‍ പണമിടപാടുകള്‍ നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ എടുക്കുവാനും സാധ്യതയുണ്ട്.
ഇനി വീഴ്ച ഉണ്ടാകരുത്, കരുവന്നൂര്‍ ബാങ്കിന് സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് നിലനിര്‍ത്തുന്നതിനു സര്‍ക്കാര്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കേരള ബാങ്കില്‍ നിന്നും വായ്പ്പ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പലിശയിളവ് നല്‍കുക, വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടങ്ങിയ പദ്ധതികളാണു സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് വഴി പ്രതീക്ഷിക്കുന്നത്. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നതോടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 8000 കോടി രൂപയാണ് സഹകരണ മേഖലകളില്‍നിന്നും പിന്‍വലിക്കപ്പെട്ടത്. ഇത് സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ സര്‍ക്കാരിന്റെ ഓഡിറ്റിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും എല്ലാ ബാങ്കുകള്‍ക്കും പൊതുവായ ഒരു സോഫ്റ്റ്വെയര് സംവിധാനം നടപ്പിലാക്കുന്നതിനും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.