വേളൂക്കര പിഎച്ച്സി റോഡ് ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം: വാക്സറിന്‍ പെരേപ്പാടന്
വേളൂക്കര: ഗ്രാമപഞ്ചായത്തിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള കൊറ്റനല്ലൂര്‍ കുറുപ്പംപടി ആക്കപ്പള്ളി പൊക്കം റോഡ് ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നു നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്സറിന്‍ പെരേപ്പാടന് ആവശ്യപ്പെട്ടു. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി ആരോഗ്യ കേന്ദ്രം പൗരസമിതി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം അഞ്ചു വര്‍ഷത്തിലധികമായി തകര്‍ന്ന് ഉപയോഗ ശൂന്യമായി കിടക്കുന്ന ഈ റോഡിലൂടെ ഗര്‍ഭിണികളും വൃദ്ധജനങ്ങളുമടക്കം ആരോഗ്യ കേന്ദ്രത്തിലെത്തുന്ന പഞ്ചായത്തിലെ എല്ലാ ജനങ്ങളും ദുരിതയാത്ര മൂലം ക്ലേശമനുഭവിക്കുന്നു. കൊറോണ കാലം മുതല്‍ വാക്സിനേഷനായി ആബാലവൃദ്ധം ജനങ്ങളും പിഎച്ച്സിയിലേക്കു വരേണ്ടി വന്നതുമൂലം റോഡിന്റെ ശോചനീയാവസ്ഥ പഞ്ചായത്ത് മുഴുവന്‍ ചര്‍ച്ചയായി. ഓരോ തെരഞ്ഞെടുപ്പു കാലങ്ങളിലും റോഡിനു ഫണ്ട് അനുവദിച്ചു എന്നു കാണിച്ചുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നു എന്നല്ലാതെ യാതൊരു ശാശ്വത പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ലെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഈ വിഷയം മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നതിനായി പി.ജി. സോമസുന്ദരന്റെ നേതൃത്വത്തില്‍ പൗരസമിതി അംഗങ്ങള്‍ ഒപ്പ് ശേഖരണം നടത്തി. രാജേഷ് കുറുപ്പത്തു കാട്ടില്‍ അധ്യക്ഷത വഹിച്ചു. ബോസ് കക്കര, ജോസ് എടപ്പിള്ളി, ടോം കിരണ്‍, ഷിപ്സന് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.