ഇനി ഒരു ജീവന് കൂടി നിരത്തില്‍ പൊലിയരുത്; ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധമിരമ്പി
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ രണ്ടായിരത്തോളം വിദ്യാര്‍ഥിനികള്‍ ബസ് സ്റ്റാന്‍ഡ് ഉപരോധിച്ചു;
ഒരു മണിക്കൂറോളം ബസുകള്‍ പുറത്തുവിട്ടില്ല; ഒടുവില്‍ ബോധവത്കരണവും….മരണക്കളി ഇനി വേണ്ട….
ഇരിങ്ങാലക്കുട: സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ രണ്ടായിരത്തോളം വിദ്യാര്‍ഥിനികള്‍. ഇന്നലെ രാവിലെ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം രാവിലെ കോളജിലേക്കുള്ള യാത്രാമധ്യേയാണു പിതാവിനൊപ്പം സ്കൂട്ടറില്‍ വരുമ്പോള്‍ സെന്റ് ജോസഫ്സ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനി വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടില്‍ ഡേവിഡിന്റെ മകള്‍ ലയ (22) സ്വകാര്യ ബസിടിച്ചു മരിച്ചത്. കരുവന്നൂര്‍ ചെറിയ പാലത്തിനു സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ലയയ്ക്കു മരണം സംഭവിക്കുകയും പിതാവ് സാരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്യിലുമാണ്. കൂടുകാരോടും അധ്യാപകരോടും പ്രിയ കലാലയത്തോടും വിടപറയാന്‍ പുറപ്പെട്ട ലയയെ അമിത വേഗതയില്‍ വന്ന ബസിടിച്ചു തെറിപ്പിച്ചതോടെ ഈ ലോകത്തോടു തന്നെ വിടപറയേണ്ടി വന്നു. പുത്തന്‍ പ്രതീക്ഷകളോടെ ജീവിതത്തിന്റെ ഒരുഘട്ടത്തിനോടു വിടപറയാന്‍ ഇറങ്ങിയ വിദ്യാര്‍ഥിനിക്കു സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില് ജീവന് പൊലിയുകയായിരുന്നു. ബസുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കുയെന്ന മുദ്രാവാക്യമുയര്‍ത്തി കോളജിലെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കൊപ്പം രാവിലെ കോളജില്‍ നിന്നും ഇരിങ്ങാലക്കുട നഗരത്തിലേക്കിറങ്ങിയതോടെ കണ്ണീരണിഞ്ഞ പ്രതിഷേധത്തിനു നഗരം സാക്ഷിയായി. ഠാണാ വഴി ബസ് സ്റ്റാന്‍ഡിലെത്തിയ വിദ്യാര്‍ഥികള്‍ സ്റ്റാന്‍ഡിന്റെ മുന്‍ ഗേറ്റ് ഉപരോധിച്ചു സ്റ്റാന്‍ഡിനകത്തു കുത്തിയിരുന്നു. വിദ്യാര്‍ഥിനികളുടെ പ്രതിഷേധം വിളിച്ചുയര്‍ത്തിയ മുദ്രാവാക്യങ്ങളിലൂടെ വ്യക്തമായിരുന്നു. ബസ് ജീവനക്കാര്‍ക്കെതിരെ രോഷം ശക്തമായിരുന്നു. ബസുകള്‍ മരണക്കളി അവസാനിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇനിയെത്ര മരണം എന്ന ചോദ്യവും വിദ്യാര്ഥികളുന്നയിച്ചു. കറുത്ത ബാഡ്ജും ലയയുടെ ചിത്രം പതിച്ച ബാഡ്ജും ധരിച്ചായിരുന്നു വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധിച്ചത്. ലയയുടെ ക്ലാസിലെ കുട്ടികളാണു തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഓര്‍മകള്‍ ഹൃദയത്തില്‍ പേറി പ്രതിഷേധനിരയുടെ മുന്നില്‍ ഫ്ളെക്സുമായി ഉണ്ടായിരുന്നത്. ഒരു മണിക്കൂറോളം സ്റ്റാന്‍ഡിനകത്തു വിദ്യാര്‍ഥികളുടെ പ്രതിഷേധമിരമ്പി. സ്റ്റാന്‍ഡിലുണ്ടായിരുന്ന ബസുകളില്‍ വിദ്യാര്‍ഥിനികള്‍ കയറുകയും യാത്രക്കാരേയും ബസ് ജീവനക്കാരേയും അമിതവേഗത അപകടകമാണെന്നു ബോധവത്കരിക്കുകയും ചെയ്തു. ഒരു മണിക്കൂറിലേറെ ബസ് സ്റ്റാന്‍ഡ് ഉപരോധിച്ച ശേഷം മൗനജാഥയായി വിദ്യാര്‍ഥികള്‍ കോളജിലേക്കു തന്നെ മടങ്ങി.
കണ്ണീരണിഞ്ഞ് കലാലയം
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ലയ ഡേവിഡിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് സഹപാഠികള്‍. ഇന്നലെ രാവിലെ കോളജില്‍ നടന്ന അനുശോചന സമ്മേളനം ഏറെ വികാര നിര്‍ഭരമായിരുന്നു. ലയയ്ക്കു പലപ്പോഴും സഹായിയായിരുന്ന കൂട്ടിക്കാരികള്ക്കു ദുഖം അടക്കാനായിരുന്നില്ല. അനുശോചന യോഗത്തിന്റെ ഭാഗമായി നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ഐക്കഫ് നേതൃത്വം നല്കി. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി, ക്ലാസ് ടീച്ചര്‍ എസ്. രമ്യ, സഹപാഠി ബിന്‍സി എന്നിവര്‍ പ്രസംഗിച്ചു.
ജീവിക്കാനോ ജീവന് എടുക്കാനോ ഈ ഓട്ടം: എഐഎസ്എഫ്
ഇരിങ്ങാലക്കുട: മിന്നല്‍ വേഗതയില്‍ റോഡു സുരക്ഷയെ കാറ്റില്‍പറത്തി നടത്തുന്ന ഈ ഓട്ടം പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഗൗരവമില്ലായ്മയാണു കഴിഞ്ഞ ദിവസം മരണത്തിനു കാരണമെന്നും പലതവണ ഇരിങ്ങാലക്കുടയില്‍ കൃത്യവിലോപം പ്രകടമായിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പോലീസും മോട്ടോര്‍ വാഹന വകുപ്പും റോഡ് സേഫ്റ്റി അഥോറിറ്റിയും നഗരത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്നു മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, പ്രസിഡന്റ് എന്‍.കെ. ഹരി എന്നിവര്‍ അറിയിച്ചു.
സഹപാഠിയുടെ മരണം: വിദ്യാര്‍ഥിനികളുടെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനി ലയ ഡേവിഡിന്റെ അകാല വിയോഗത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അനുശോചനം രേഖപ്പെടുത്തി. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അപകടമെന്നും വിദ്യാര്‍ഥിനികള്‍ നടത്തിയ സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ബസുകളടക്കമുള്ള വലിയ വാഹനങ്ങള്‍ വേഗത കുറച്ചു മറ്റുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു ശ്രദ്ധിക്കണമെന്നും സെന്റ് ജോസഫ്സ് കോളജിനടുത്ത് ബസ് സ്റ്റോപ്പ് അനുവദിക്കുന്നതിനു വേണ്ട നടപടികള്‍ എടുക്കുന്നതിനു ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റോഡ് സുരക്ഷ ഉറപ്പുവരുത്തുക: ഡിവൈഎഫ്ഐ
ഇരിങ്ങാലക്കുട: മോട്ടോര്‍ വാഹന നിയമ ലംഘനം നടത്തികൊണ്ടുള്ള സ്വകാര്യ ബസുകളുടെ അമിതവേഗത കാരണം റോഡുകളില്‍ അപകടങ്ങള്പ്പെരുകുന്നതും വഴിയാത്രികര്ക്കു ജീവഹാനി സംഭവിക്കുന്നതും തുടര്‍ക്കഥയാവുകയാണ്. നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവര്‍ ടേക്കിംഗും കാരണം നിരപരാധികളായ യാത്രക്കാരുടെ ജീവനാണു പലപ്പോഴും നഷ്ടപ്പെടുന്നത്. അമിത വേഗതയില്‍ സര്‍വീസ് നടത്തി ജനങ്ങളുടെ ജീവനു ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി പി.കെ. മനുമോഹന്‍, പ്രസിഡന്റ് ഐ.വി. സജിത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.