ദേവസ്വം മേഘാര്ജുനന് ഗോപുരനട തുറന്നു, കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറേ നടപ്പുര സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: നവീകരണം പൂര്‍ത്തിയാക്കിയ പടിഞ്ഞാറേ ഗോപുരനട ദേവസ്വം ആന മേഘാര്ജുനന് തുറന്നു സമര്‍പ്പിച്ചു. കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിലാണു മേഘാര്ജുനന് ഗോപുരവാതില്‍ തുറന്നു സമര്‍പ്പണം നടത്തിയത്. പടിഞ്ഞാറേ ഗോപുരം നവീകരണസമിതി 58 ലക്ഷം രൂപ ചെലവഴിച്ചാണു നടപ്പുര നവീകരിച്ചത്. പടിഞ്ഞാറേനടയില്‍ നടന്ന ചടങ്ങില്‍ കൂടല്‍മാണിക്യം ക്ഷേത്ര തന്ത്രിമാരായ നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന് നമ്പൂതിരിപ്പാട്, കിടങ്ങശേരി തരണനെല്ലൂര്‍ ദേവന്‍നാരായണന്‍ നമ്പൂതിരിപ്പാട്, ചെമ്മാപ്പിള്ളി തരണനെല്ലൂര്‍ നാരായണന് നമ്പൂതിരിപ്പാട്, അണിമംഗലത്ത് ശ്രീവല്ലഭന് നമ്പൂതിരി, ക്ഷേത്രം പരികര്മി മണക്കാട് പരമേശ്വരന് നമ്പൂതിരി, മേല്‍ശാന്തി പുത്തില്ലത്ത് നീലകണ്ഠന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറേ ഗോപുരം നവീകരണസമിതി രക്ഷാധികാരിമാരായ ഇ.എസ്.ആര്. മേനോന്, ചന്ദ്രമോഹന് മേനോന്, കെ.എന്‍. മേനോന് എന്നിവര്‍ ചേര്‍ന്നു ഗോപുരം ദേവസ്വത്തിനു സമര്‍പ്പിച്ചു. അയ്യപ്പന് പണിക്കവീട്ടില്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാര്‍, ഭരതന് കണ്ടേങ്കാട്ടില്‍, കെ.ജി. സുരേഷ്, കെ.എ. പ്രേമരാജന്‍, എ.വി. ഷൈന്‍, അഡ്മിനിസ്ട്രേറ്റര്‍ എം. സുഗീത, വാസ്തുവിദഗ്ധനും പ്രവൃത്തികളുടെ കണ്‍സള്‍ട്ടന്റുമായ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരി, സമിതി സെക്രട്ടറി മനോജ് കല്ലിക്കാട്ട്, പി.എസ്. ജയശങ്കര്‍, കെ. കൃഷ്ണദാസ്, നളിന്‍ ബാബു എസ്. മേനോന് എന്നിവര്‍ പ്രസംഗിച്ചു.