ആനപ്പിണ്ടവും ഭക്ഷണമാലിന്യങ്ങളും സംസ്കരിക്കാന്‍ കൂടല്‍മാണിക്യം ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: ആനപ്പിണ്ടവും ഭക്ഷണമാലിന്യങ്ങളും സംസ്കരിക്കാന്‍ കൂടല്‍മാണിക്യം സ്ഥിരം സംവിധാനമായി ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു. കൂടല്‍മാണിക്യം ആനക്കൊട്ടിലിനു സമീപം മൂന്നര ലക്ഷം രൂപ ചെലവഴിച്ചാണ് ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചത്. കുറെ കാലമായി ആനപ്പിണ്ടവും നിത്യ അന്നദാനത്തിന്റെ മാലിന്യങ്ങളും ക്ഷേത്രത്തിലെ ഖരമാലിന്യങ്ങളും അടിഞ്ഞുകൂടുകയായിരുന്നു. ഇതുമൂലം കൊതുകുശല്യവും രൂക്ഷമായിരുന്നു. കുറെയാകുമ്പോള്‍ ഇവ കുഴിച്ചുമൂടുകയും കത്തിക്കുകയുമാണു ചെയ്തിരുന്നത്. ആനപ്പിണ്ടം സംസ്കരിക്കാന്‍ ഒരു സ്ഥിരം സംവിധാനമില്ലാത്തതില്‍ ഇരിങ്ങാലക്കുട നഗരസഭയുടെയും കോടതിയുടെയുമൊക്കെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ സ്ഥിരം സംവിധാനമൊരുക്കാന്‍ ദേവസ്വം നിര്‍ബന്ധിതരായത്. പൊലുടെക്ക് എന്‍വയര്‍ സിസ്റ്റംസ് കൊടുങ്ങല്ലൂരുമായി സഹകരിച്ചു സ്ഥാപിച്ചിട്ടുള്ള ഈ സംവിധാനത്തില്‍ മണിക്കൂറില്‍ 70 കിലോഗ്രാം ആനപ്പിണ്ടവും മറ്റുമാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കാന്‍ കഴിയും. 100 കിലോ കത്തിച്ചാല്‍ നാലുകിലോ ചാരം കിട്ടും. ഇതു ദേവസ്വം വളപ്പിലെ പച്ചക്കറിക്കും തെങ്ങുകള്‍ക്കും വളമായി ഉപയോഗിക്കാനാണു തീരുമാനം. പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് നിര്‍വഹിച്ചു. അഡ്മിനിസ്ട്രേറ്റര്‍ എം. സുഗീത, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, പൊലുടെക്ക് എന്‍വയര്‍ സിസ്റ്റംസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.