കരുവന്നൂര്‍ മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡ് തകര്‍ന്നു
മൂര്‍ക്കനാട്: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കരുവന്നൂര്‍ മൂര്‍ക്കനാട് സൗത്ത് ഇറിഗേഷന്‍ ബണ്ട് റോഡിലെ യാത്ര കൂടുതല്‍ ദുഷ്കരമായി. കാറളം, തൃപ്രയാര്‍, എടമുട്ടം, കാട്ടൂര്‍ എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്ക് എളുപ്പം എത്താനുള്ള പ്രധാന റോഡാണ് തകര്‍ന്നുകിടക്കുന്നത്. ഒട്ടേറെ സ്കൂള്‍ വിദ്യാര്‍ഥികളും ഇതുവഴി യാത്രചെയ്യുന്നുണ്ട്. മഴ പെയ്തതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് അതിന്റെ ആഴം തിരിച്ചറിയാത്ത സ്ഥിതിയിലായി. മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി രണ്ടുകോടി ഏഴുലക്ഷം രൂപ ചെലവിലാണ് വലിയപാലം മുതല്‍ കാറളം വരെ റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍, അതിനുശേഷം ഈ റോഡില്‍ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ അധികാരികള്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി ഈ ദുരവസ്ഥ പരിഹരിക്കണമെന്ന് മുന്‍ കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളക്കുട്ടിയും മുന്‍ പൊറത്തിശേരി പഞ്ചായത്ത് പ്രസിഡന്റ് ചിന്താ ധര്‍മരാജനും ആവശ്യപ്പെട്ടു.