സംരംഭകരെ സൃഷ്ടിക്കാന്‍ മുരിയാട് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ പരിശീലനം
മുരിയാട്: എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി നിരവധിയായ പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കാനുള്ള വലിയ തയ്യാറെടുപ്പിലാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. മണ്ഡലത്തില്‍ ഈ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ തൊഴില്‍ കൊടുത്ത പഞ്ചായത്തും മുരിയാട് പഞ്ചായത്ത് ആണ്. കുടുംബശ്രീ സംരംഭം എന്ന രീതിയില്‍ ഉള്ള ഹെല്‍പ്പ് ഡെസ്ക്കുകള്‍ക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു കഴിഞ്ഞു. പതിനേഴ് വാര്‍ഡുകളിലും ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടാകും. ഇപ്പോഴിതാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മായി സഹകരിച്ചു കൊണ്ട് വിവിധ ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനവും, തുടര്‍ന്ന് സാമ്പത്തിക സഹായവും, വിപണന സഹായവും ഉറപ്പാക്കുന്ന പദ്ധതികള്‍ക്കും തുടക്കംക്കുറിച്ചു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡുമായി സഹകരിച്ച് പത്ത് തരത്തിലുള്ള പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം നല്കി. നാല്പതോളം പേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. മാസംന്തോറും തൊഴില്‍ പരിശീലനവും സംരഭകത്വ ഹെല്‍പ്പ് ഡെസ്കും സജീവമാക്കുകയാണ് പഞ്ചായത്ത്. മുരിയാട് പഞ്ചായത്തിന്റെയും ഖാദി വിദ്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.യു. വിജയന്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സുനില്‍ കുമാര്‍, വൃന്ദകുമാരി, നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത് എന്നിവര്‍ പങ്കെടുത്തു. ഖാദി വിദ്യാലയം കോഡിനേറ്റര്‍മാരായ വിനോദ് കക്കറ, സുമ ടീച്ചര്‍, സി.ടി. അനിത എന്നിവര്‍ പരിശീലനം നയിച്ചു.