പെരുകുന്ന മോഷണ കേസുകള്‍; ഇരുട്ടില്‍ തപ്പി പോലീസ്
കാമറയില്‍ പതിഞ്ഞവരെയും പിടികൂടാനാകാതെ പോലീസ്……..
പോലീസിനു പറയാനുള്ളത് ഒന്നു മാത്രം…. അന്വേഷണം പുരോഗമിക്കുന്നു.
ഇരിങ്ങാലക്കുട: സമാന രീതിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മോഷണങ്ങള്‍ ഇരിങ്ങാലക്കുട മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കകയാണ്. മോഷ്ടാക്കളെ ഭയന്ന് വീട്ടില്‍ വക്കാനാകാതെ ജോലിക്കു കൊണ്ടു പോകുമ്പോള്‍ സ്വര്‍ണ്ണം കൊണ്ടുപോകുബോള്‍ ബസ് യാത്രക്കിടയില്‍ നഷ്ടമായ സ്ഥിതിയാണുള്ളത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു പറയുമ്പോഴും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് അന്വേഷണം പ്രഹസനമാകുന്നതായും ആരോപണമുണ്ട്.
പത്തു വര്‍ഷമായിട്ടും ഒരു തുമ്പും കിട്ടിയില്ല…
2012 ജൂലൈ 13ന് നഗരമധ്യത്തിലെ ഠാണ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നു മാത്രമേ പോലീസിനു പറയുവാനുള്ളൂ. ഇരുപത്തിയേഴ് ലക്ഷം രൂപ വില വരുന്ന 50 കിലോ വെള്ളിയാഭരണങ്ങളും അമ്പതിനായിരം രൂപ വില വരുന്ന ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളും ഏഴായിരത്തിയഞ്ഞൂറ് രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
അഞ്ചു മാസം മുമ്പ് , ആഗസ്റ്റ് 27ന് ആളൂരില്‍…
ആളൂരില്‍ വീടിനുള്ളില്‍ നിന്നും 35 പവന് സ്വര്‍ണവും 22000 രൂപയും കവര്‍ച്ച നടന്നിട്ട് അഞ്ച് മാസം പിന്നിടുമ്പോഴും മോഷ്ടാക്കളെ കണ്ടെത്താനാകാതെ പോലീസ്. ആളൂര്‍ റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന ജോര്‍ജിന്റെ വീട്ടിലാണ് രാത്രിയില്‍ മോഷണം നടന്നത്. രാവിലെ ഉറക്കമുണര്‍ന്ന വീട്ടുകാര്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അലമാരയിലുള്ള സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലാക്കിയത്. ജോയും കുടുംബാംഗങ്ങളും കിടന്നിരുന്ന മുറിയുടെ അലമാരയില്‍ നിന്നാണ് 35 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടത്. ഇതോടൊപ്പം മേശക്ക് മുകളില്‍ ഇരുന്നിരുന്ന പേഴ്സില്‍ നിന്നാണ് 22,000 രൂപയും നഷ്ടപ്പെട്ടത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഒരാഴ്ചക്കു ശേഷം ആളൂര്‍ മാള വഴി ജംഗ്ഷനില്‍ ചിറയത്ത് വീട്ടില്‍ പോളിയുടെ വീട്ടിലും മോഷണം നടന്നിരുന്നു. നാലര പവന് സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ജനലിലൂടെയാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
രണ്ടാഴ്ച മുമ്പ്, ജനുവരി 28….
പുല്ലൂരില്‍ വീടും കടയും കുത്തിത്തുറന്ന് മോഷണം
വീട്ടിലുള്ളവര്‍ ആശുപത്രി ആവശ്യത്തിനായി പോയ സമയം പുല്ലൂരില്‍ കടയും വീട് കുത്തിത്തുറന്നായിരുന്നു മോഷണം. പള്ളത്ത് രവീന്ദ്രന്റെ വീട്ടിലും വീടിനോടു ചേര്‍ന്നുള്ള ഹാര്‍ഡ് വെയര്‍ സഥാപനത്തിലുമാണ് മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ലോക്കറിലായതിനാല്‍ നഷ്ടപ്പെട്ടിരുന്നില്ല. ലോക്കറിന്റെ താക്കോല്‍ ലഭിക്കുന്നതിനു വേണ്ടിയാകണം മോഷ്ടാക്കള്‍ അലമാരകളിലെ തുണികളെല്ലാം മോഷ്ടാക്കള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞീട്ടുണ്ട്. 2009ല്‍ മെയ് മാസത്തിലും ഈ വീട്ടില്‍ മോഷണം നടന്നീട്ടുണ്ട്. 46 പവന് സ്വര്‍ണാഭരണങ്ങളും 45000 രൂപയുമാണ് അന്ന് മോഷണം പോയത്. ഈ സംഭവത്തിലെ പ്രതികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്.
അവിട്ടത്തൂരിലും മോഷണ ശ്രമം…
അവിട്ടത്തൂര്‍ കോലംങ്കണ്ണി വീട്ടില്‍ റൂബി വിന്‍സെന്റിന്റെ വീട്ടില്‍ ജനുവരി 28 നു തന്നെ മോഷണ ശ്രമം നടന്നു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി വീട്ടുക്കാര് മകളുടെ വീട്ടിലായിരുന്നു താമസം. വീടിന്റെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. പുല്ലൂരിലും അവിട്ടത്തൂരിലും സ്വര്‍ണാഭരണങ്ങള്‍ക്കു വേണ്ടിയാണ് മോഷണം നടന്നതായി കരുതുന്നത്. ഈ രണ്ടു സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്നാണ് പോലീസ് നിഗമനം. ഇരു വീടുകളിലും വീട്ടുക്കാര് ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷമാണ് മോഷണം നടന്നത്. അതിനാല്‍ ഇരു വീടുകളെ കുറിച്ചും വീട്ടുക്കാരെയകുറിച്ചും വ്യക്തമായി അറിയാവുന്നവരാകണം ഇതിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
ഒരാഴ്ച മുമ്പ്, ഫ്രെബ്രുവരി 9 ചേലൂരില്‍…
കുടുംബം കുളുമണാലി വിനോദയാത്ര പോയ സമയം ചേലൂരില്‍ പൂട്ടിക്കിടന്ന വീട് കുത്തി തുറന്ന് മോഷണം. ചേരമ്പറമ്പില് ഭാഗ്യരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപ നഷ്ടമായിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്നതിനാല്‍ മോഷ്ടാക്കള്‍ക്ക് അത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മോഷണത്തിനായി ഉപയോഗിച്ചിരുന്ന കമ്പിപ്പാര, കട്ടര്‍ മുതലായ സാധനങ്ങള്‍ ഉപേക്ഷിച്ചാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. വീടിന്റെ അകത്ത് ഉണ്ടായിരുന്ന മദ്യക്കുപ്പിയില്‍ നിന്നും മദ്യപിച്ചതിനുശേഷം വീടിനുപുറത്ത് മലമൂത്രവിസര്‍ജനം കൂടി നടത്തിയാണ് മോഷ്ടാക്കള്‍ കടന്നത്. സുരക്ഷക്കായി ഒരുക്കിയ വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്ത നിലയിലാണ്.
ജനുവരി 14, സ്കൂട്ടര്‍ യാത്രക്കാരിയുടെ മാല കവര്‍ന്നു
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന നേഴ്സിന്റെ ഒന്നര പവന് വരുന്ന മാല ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം കവര്‍ന്നു. തുമ്പൂര്‍ അമ്പൂക്കന് വീട്ടില്‍ ബേബിയുടെ ഭാര്യ റീജയുടെ (34) മാലയാണ് കവര്‍ന്നത്. ജനുവരി 14ന് രാവിലെ ഒന്‍പത് മണിയോടെ കൊറ്റനെല്ലൂര്‍ റേഷന്‍ കട പരിസരത്ത് വച്ചായിരുന്നു സംഭവം. കറുത്ത നിറത്തിലുള്ള പള്‍സര്‍ ബൈക്കില്‍ എത്തിയ രണ്ടംഗസംഘം വളവില്‍ വച്ച് തന്റെ സ്കൂട്ടറിന്റെ ഹാന്‍ഡിലില്‍ വണ്ടി തട്ടി നിറുത്തുകയും ബൈക്കിന്റെ പുറകില്‍ ഇരുന്നിരുന്ന ആള് ഇതേ സമയം മാല വലിച്ച് പൊട്ടിക്കുകയുമായിരുന്നു.
ജനുവരി 14, കോമ്പാറയില്‍ നിന്നും പട്ടാപകല്‍ സ്കൂട്ടര്‍ മോഷണം
കോമ്പാറയില്‍ നിന്നും പട്ടാപകല്‍ സ്കൂട്ടര്‍ മോഷണം പോയി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ കോമ്പറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീമെന്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സ്കൂട്ടര്‍ മോഷണം പോയത്. സ്ഥാപനത്തിന് മുന്നിലായി വെച്ചിരുന്ന സ്കൂട്ടര്‍ മോഷ്ടാവ് എടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഫെബ്രുവരി 9, ബസ് യാത്രക്കിടെ 12 പവന് മോഷണം
ബസ് യാത്രയ്ക്കിടയില്‍ യുവതിയുടെ 12 പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. പുല്ലൂര്‍ ഊരകം പൊഴോലിപറമ്പില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ സില്‍ജയുടെ ഹാന്‍ഡ് ബാഗില്‍ മറ്റൊരു ബാഗിലായി സൂക്ഷിച്ചിരുന്ന 12 പവന് സ്വര്‍ണാഭരണങ്ങളാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. പുല്ലൂരിനും ഇരിങ്ങാലക്കുടയ്ക്കും ഇടയിലാണ് നഷ്ടപ്പെട്ടത്. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നു കരതിയാണ് ജോലിക്കുവരുബോള് സ്വര്‍ണാഭരണങ്ങള്‍ എടുത്തത്.
ഫെബ്രുവരി 11, ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം
കണ്ഠേശ്വരം ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടന്നു. ഇതര സംസ്ഥാനക്കാരായ രണ്ടുപേരാണ് മോഷ്ടാക്കളെന്ന് കരുതുന്നത്. രണ്ടായിരം രൂപയാണ് മോഷണം പോയത്.
കവര്ച്ചകളിലെല്ലാം പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും പെട്രോളിംഗ് ശക്തമാക്കിയെന്നുമാണ് പോലീസ് ഭാഷ്യം. എന്നാല്‍ പ്രതികളെക്കുറിച്ച് യാതൊരു തുമ്പും ലഭിക്കാത്തത് നാട്ടുക്കാരെ ഭീതിയിലാക്കുന്നുണ്ട്. പല കവര്‍ച്ചകളിലും സമാനതകളേറെയുണ്ട്.