ഒരു കുടുംബത്തിലെ മൂന്നു പേര് തൂങ്ങി മരിച്ച നിലയില്‍ ജീവനൊടുക്കിയത് ഗൃഹനാഥനും ഭാര്യയും മകനും
ഇരിങ്ങാലക്കുട: ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന് (62), ഭാര്യ മിനി (56), മകന് ആദര്‍ശ് (17) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. വീടിനോട് ചേര്‍ന്ന് പലചരക്കുകട നടത്തി വരികയാണ് മോഹനന്. സംഭവ ദിവസം വൈകീട്ട് അഞ്ചു മണിയോടെ കടയടച്ചിരുന്നു. രാത്രി വൈകിയും കട തുറക്കാതിരിക്കുകും വീട്ടില്‍ വെള്ളിച്ചവും ഇല്ലാതായതോടെ സമീപവാസികള്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടയിരുന്നില്ല. ഇത് ബന്ധുക്കളിലും നാട്ടുക്കാരിലും സംശയങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും വീടിനുള്ളില്‍ ജീവനൊടുക്കിയതാണെന്ന് വ്യക്തമായത്. സംഭവമറിഞ്ഞ് കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് മൂന്ന് പേരെയും ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ആദര്‍ശ് ഇടതു കയ്യിലെ ഞരബ് മുറിച്ചിട്ടുണ്ട്. ഏറെനാള്‍ വിദേശത്തായിരുന്ന മോഹനന് കാറളം താണിശേരിയില്‍ പലചരക്കുകട നടത്തുകയും, കുറച്ചുനാള്‍ ഇരിങ്ങാലക്കുട ബസ്റ്റാന്‍ഡിലെ കടയില്‍ ജോലിയും ചെയ്തിരുന്നു. ആദര്‍ശ് കാറളം വിഎച്ച്എസ്എസ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. മകള്‍ മിഷ ഭര്‍ത്താവ് സുമേഷിനൊപ്പം വിദേശത്താണ്. ആദര്‍ശും മോഹനനും ഹാളിലും, മിനി കിടപ്പു മുറിയിലുമാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നാണ് മോഹനന്റെ മറ്റു സഹോദരന്മാരുടെ വീടുകളും. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, കാട്ടൂര്‍ സിഐ കെ.ജി. ഋഷികേശ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചു. ഇവരുടെ വീട്ടില്‍ സമീപത്തെ സ്വകാര്യ കോളജിലെ മൂന്നു പെണ്‍കുട്ടികള്‍ പഠനവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്നു. സംഭവ ദിവസം ഉച്ചയോടെ ഈ വിദ്യാര്‍ഥികള്‍ ഈ വീട്ടിലെ താമസം അവസാനിപ്പിച്ചിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ഇന്നലെ രാത്രി തന്നെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
മകന് കൈ ഞെരമ്പു മുറിച്ചു, ഇത് കണ്ട മാതാപിതാക്കളും മനോവേദനയില്‍ ആത്മഹത്യ ചെയ്തു.
കുടുംബത്തിന്റെ മരണത്തില്‍ ഞെട്ടലില്‍ നാട്ടുകാര്‍; ദുരൂഹത വ്യക്തമായിട്ടില്ലെന്നു പോലീസ്.
ഇരിങ്ങാലക്കുട: ഏറെ സാമ്പത്തിക ഭദ്രതുള്ള ഈ കുടുംബത്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കാറളം താണിശേരി ഗ്രാമവാസികള്‍. മരണകാരണം വ്യക്തമാകാത്തതിനാല്‍ ഏറെ ദുരൂഹതയിലാണ്. വിദേശത്തായിരുന്ന മോഹനന് സാമ്പത്തികമായി ഏറെ ഭദ്രതയിലാണ്. വീട്ടില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉള്ളതായി തോന്നിയിട്ടില്ലെന്നു നാട്ടുക്കാര് പറയുന്നു. എപ്പോഴും ഏവരോടും വളരെ സൗമ്യമായാണ് ഇവര്‍ പെരുമാറാറ്. ഇന്നലെ ഫോറന്‍സിക് സംഘം മൃതദേഹങ്ങളില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിരുന്നു. മരണ കാരണത്തെ കുറിച്ച് വ്യക്തമാക്കുന്ന യാതൊന്നും അന്വേഷണത്തില്‍ വീട്ടില്‍ നിന്നും പോലീസിനു ലഭിച്ചീട്ടില്ല. പരിശോധനയില്‍ ആത്മഹ്യാകുറിപ്പ് കണ്ടത്താനായിട്ടില്ല. ആദര്‍ശ് ആദ്യം ജീവനൊടുക്കിയിട്ടുണ്ടാകുമെന്നും അതിനു ശേഷമായിരിക്കാം മോഹനനും മിനിയും മരിച്ചിട്ടുണ്ടാകുക എന്നാണ് കരുതുന്നത്. മകന് കയ്യിലെ ഞെരമ്പു മുറിച്ച ശേഷം തുങ്ങി ജീവനൊടുക്കിയത് കണ്ട മനോവിഷമത്തിലാകാം മാതാപിതാക്കളും ജീവനൊടുക്കിയതെന്നാണ് പ്രാഥമീക നിഗമനം. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തീട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പഠനാവശ്യവുമായി ബന്ധപ്പട്ടു സമീപത്തെ സ്വകാര്യ കോളജിലെ മൂന്നു പെണ്‍കുട്ടികള്‍ വീട്ടില്‍ താമസിച്ചിരുന്നു. ഇവരുടെ വീഡിയോ ആദര്‍ശ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസവും ആദര്‍ശിന്റെ വീട്ടില്‍ പെണ്‍കുട്ടികളുടെ സഹപാഠികള്‍ എത്തിയിരുന്നു. കോളജ് വിദ്യാര്‍ഥിനികളുടെ സഹപാഠികള്‍ ആദര്‍ശിനെ ചോദ്യം ചെയ്യുകയും ഇവരുമായി വാക് തര്‍ക്കങ്ങളും നടന്നിരുന്നു. ഇതിലുള്ള മനോവിഷമത്തിലാകാം ആദര്‍ശ് ജീവനൊടുക്കിയത്. മകന് ജീവനൊടുക്കിയതിലുള്ള മനോവിഷമത്തിലും മാനഹാനിയിലുമായിരിക്കാം മോഹനനും മിനിയും തൂങ്ങിയതെന്നു കരുതുന്നു. ആദര്‍ശ് വിഷം കഴിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. മകളായ മിഷയുടെ ജനനത്തിനു 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആദര്‍ശിന്റെ ജനനം. അതിനാല്‍ മോഹനനും മിനിക്കും ഏറെ വാത്സല്യമായിരുന്നു ആദര്‍ശിനെ. പഠനാവശ്യവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന പെണ്‍കുട്ടികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കും. സംഭവ ദിവസം ഉച്ചയോടെയാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്. ആത്മഹത്യ ചെയ്യുവാന്‍ മുന്‍കൂട്ടി കരുതലുകള്‍ ഇവര്‍ എടുത്തീട്ടില്ലന്നു വ്യക്തമാണ്. സംഭവ ദിവസത്തിനു തലേദിവസമാണ് പലചരക്കു കടയിലേക്ക് ആവശ്യമായ കായക്കുലയടക്കമുള്ള സാധനങ്ങള്‍ വാങ്ങിയത്. മാത്രവുമല്ല വീടിനു മുന്നില്‍ ടൈല്‍ വിരിക്കുന്നതടക്കമുള്ള അറ്റകുറ്റ പണികള്‍ നടന്നു വരികയായിരുന്നു. വീടിനു മുന്നിലെ പലചരക്കുകട ആരംഭിച്ചിട്ട് ഒരുവര്‍ഷമേ ആകുന്നുള്ളൂ. കാര്യമായ കച്ചവടം ഇല്ലെന്നു മോഹനന് പറയാറുള്ളതായി സമീപവാസികള്‍ പറഞ്ഞു. വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെ ചോദ്യം ചെയ്യല്‍ പൂര്‍ത്തികരിച്ചാല്‍ മാത്രമേ ഈ മൂന്നു പേരുടെ മരണത്തിലേക്കു വഴിവെച്ച കാരണങ്ങളെ കുറിച്ച് വ്യക്തമാകൂ. പോലീസ് ഇവരിലേക്കും അന്വേഷണം ആരംഭിച്ചീട്ടുണ്ട്.