ഡോ. റെന്നിസ് ഡേവിസ് ആരോഗ്യ ചികിത്സ രംഗത്ത് കാവലാള്‍
പള് മനോളജി ചെസ്റ്റ് മെഡിസിന് വിഭാഗത്തില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് ഡോക്ടര്‍മാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി അമല മെഡിക്കല്‍ കോളജിന്റെ വൈസ് പ്രിന്‍സിപ്പലായ ഡോ. റെന്നിസ് ഡേവിസിനെ ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവൽ സമ്മേളനത്തിൽ വച്ച് മാര്‍ പോളി കണ്ണൂക്കാടനും, ദേവസ്വം ചെയര്മാന് പ്രദീപ് മേനോനും, ഠാണ ജുമ മസ്ജിദ് ഇമാം കബീര്‍ മൗലവിയും ചേര്‍ന്ന് ആദരം നല്കി.
ഇരിങ്ങാലക്കുട: തെക്കേ അങ്ങാടി കിഴക്കേ പീടിക പരേതനായ ഡേവിസിന്റേയും ജെന്നിയുടേയും പുത്രനായി ജനിച്ച് ഡോണ്‍ ബോസ്കോ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, ക്രൈസ്റ്റ് കോളജില്‍ നിന്ന് പ്രിഡിഗ്രിയും, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും, പട്യാല ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് എംഡിയും, ഗ്ലാസ് കോ യൂണിവേഴ്സിറ്റിയില്‍ നിന്ന് എഫ്ആര്‍സിപിയും, അമേരിക്കയില്‍ നിന്ന് എഫ്സിസിപിയും കരസ്ഥമാക്കി ആസ്ട്രേലിയ, ന്യൂസിലാന്റ് ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ വിവിധങ്ങളായ വിദേശ രാജ്യങ്ങളില്‍ ട്രെയിനിങ്ങുകളും പേപ്പര്‍ പ്രസന്റേഷന്‍സും നടത്തി ചികിത്സ രംഗത്തു വേണ്ടത്ര അറിവുകളും അനുഭവങ്ങളും നേടി. ലേക്ഷോര് ഹോസ്പിറ്റല്‍, കസ്തുര്‍ബ മെഡിക്കല്‍ കോളജ് തുടങ്ങിയ ഹോസ്പിറ്റലുകളില്‍ സേവനം ചെയ്ത് ഇപ്പോള്‍ കഴിഞ്ഞ 16 വര്‍ഷ കാലമായി അമല ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ അമല ഹോസ്പിറ്റലിന്റെ പള്‍മനോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ഹെഡ് ആണ്. അമല മെഡിക്കല്‍ കോളജിന്റെ വൈസ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ഡിഎം ഡിഗ്രി കൊടുക്കുന്ന കോളജുകളിലെ എക്സാമിനര്‍ ആണ്. 2022ലെ സൗത്ത് ഇന്ത്യയില്‍ നിന്ന് പള് മനോളജി ചെസ്റ്റ് മെഡിസിന് വിഭാഗത്തില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് ഡോക്ടര്‍മാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മന്ത്രിയില്‍ നിന്ന് പുരസ്കാരം സ്വീകരിച്ചു. കൊറോണ കാലയളവില്‍ സ്വന്തം ജീവിതം മറന്ന് നിര്‍ഭയമായി രോഗികള്‍ക്ക് വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു. അപരന്റെ ജീവിത സംഘര്‍ഷങ്ങളില്‍ ഉചിത സമയത്ത് മാലാഖ സമാനമായ സാന്ത്വന സാന്നിദ്ധ്യമാകുന്നവര് ഏത് കാലത്തിന്റേയും അനുഗ്രഹങ്ങളാണ് ചെറിയ കാര്യങ്ങള്‍ ചെയ്ത് വലിയ കാര്യങ്ങള്‍ അടയാളപ്പെടുത്തുന്നതിലൂടെയാണ് അവര്‍ നമ്മുടെ ചങ്കില് ഇടം നേടുന്നത്. അങ്ങനെ രോഗികളുടേയും കുടുംബാംഗങ്ങളുടേയും ചങ്കില് ഇടം നേടിയ ഡോക്ടറാണ് റെന്നിസ് ഡേവിസ്. കൊറോണക്കു ശേഷം കൂടുതല്‍ പേര്‍ക്കും ശ്വാസകോശത്തിനാണ് അസുഖങ്ങള്‍ കൂടുതല്‍ വരുന്നത് അതുകൊണ്ട് തന്നെ ഡോക്ടര്‍ക്ക് വിശ്രമമില്ല. ഓരോ ദിവസവും 16 മണിക്കൂറും പ്രവര്‍ത്തന നിരതനായ ഡോക്ടര്‍ പല ക്രിട്ടിക്കലായ കേസുകളും ചികിത്സിച്ചു ഭേദമാക്കുന്നതില്‍ നിപുണനായ ഡോക്ടര്‍ ചികിത്സാ രംഗത്ത് വിസ്മയങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഈ ഇരിങ്ങാലക്കുടക്കാരന് ആരോഗ്യ രംഗത്തെ സമഗ്ര പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി ഇരിങ്ങാലക്കുട പൗരാവലി ഡോ. റെന്നിസിനെ ആദരിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനും, ദേവസ്വം ചെയര്മാന് പ്രദീപ് മേനോനും, ഠാണ ജുമ മസ്ജിദ് ഇമാം കബീര്‍ മൗലവിയും ചേര്‍ന്ന് ഇരിങ്ങാലക്കുട പൗരാവലിക്ക് വേണ്ടി സ്നേഹാദരവുകള്‍ നല്കി.