നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക്
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ എടതിരിഞ്ഞി ബാങ്ക് സഹകരണ മേഖലയ്ക്ക് മാതൃകയാണ്: മന്ത്രി സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിന്റെ സുരക്ഷയ്ക്ക് കരുതലുമായി എടതിരിഞ്ഞ് സര്‍വീസ് സഹകരണ ബാങ്ക്. പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലായി 25 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു കൊണ്ടാണു ബാങ്ക് പഞ്ചായത്തിനും പോലീസിനും പിന്തുണയേകുന്നത്. 15 ലക്ഷം രൂപയാണു ഇതിനായി ചെലവഴിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാങ്ക് ഹെഡ് ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഓണ്‍ലൈനിലൂടെ കാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സാമൂഹ്യ പ്രതിബദ്ധതയോടെ പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് സഹകരണ മേഖലയ്ക്കു മാതൃകയാണെന്നു മന്ത്രി പറഞ്ഞു. പ്രഫ. കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന്, വൈസ് പ്രസിഡന്റ് സുധ വിശ്വംഭരന്, ബ്ലോക്ക് അംഗം ലത വാസു, പഞ്ചായത്ത് അംഗങ്ങളായ സി.എം. ഉണ്ണികൃഷ്ണന്, ബിനോയ് കോലാന്ത്ര, ബാങ്ക് സെക്രട്ടറി സി.കെ. സുരേഷ് ബാബു, ബാങ്ക് പ്രസിഡന്റ് പി. മണി, വൈസ് പ്രസിഡന്റ് ടി.ആര്. ഭുവനേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.