ഇരിങ്ങാലക്കുടക്കാരുടെ സ്വന്തം ഇന്നച്ചന്; നാടിനെ അളവറ്റം സ്നേഹിച്ച മഹാനടന്
സിനിമയില്‍ അല്പസ്വല്പം സമ്പാദ്യമായപ്പോള്‍ പലരും ഇന്നസെന്റിനോടു ചോദിച്ചു. എന്താ നാട്ടില്‍ താമസിക്കുന്നത്. സിനിമയില്‍ പച്ചപിടിച്ചാല്‍ മദിരാശിയിലൊരു വീട് എന്നതാണ് സിനിമാ മേഖലയിലുള്ളവര്‍ ചെയ്യാണ്. എന്നാല്‍ ഈ ചോദ്യത്തിന് ഇന്നസെന്റിന്റെ മറുപടി ഇപ്രകാരമായിരുന്നു. സൗജന്യമായി ഒരു ബംഗ്ലാവ് പണിതു തന്നാലും എനിക്ക് ഇരിങ്ങാലക്കുടയുടെ അതിരുകള്‍ വിട്ട് ഭൂമിയില്‍ ഒരിടത്തേക്കും
എന്നന്നേക്കുമായി പോകാന്‍ സാധിക്കില്ല. കാരണം, ഞാന്‍ തോറ്റു തോറ്റിരുന്ന സ്കൂളുകള്‍ ഇവിടെയാണ്. തോല്കാനായി മാത്രം അങ്ങോട്ടു ഞാന്‍ നടന്ന പലവഴികള്‍ ഇവിടെയാണ്. ജീവിതത്തിന്റെ ഗതിയെങ്ങോട്ട് എന്നറിയാതെ എന്റെ യൗവനം പിടച്ചലോടെ അലഞ്ഞത് ഈ മണ്ണിലാണ്. പലപല വേഷങ്ങള്‍ കെട്ടി പരാജയപ്പെട്ട ഞാന്‍ തിരിച്ചു വന്നിറങ്ങി തലചായ്ച്ചത് ഇവിടെയാണ്. പിന്നെ, എന്റെ അപ്പനും അമ്മയും ഉറങ്ങുന്നത് ഈ ദേശത്താണ്. പിന്നെ ഞാന്‍ എങ്ങോട്ടു പോകാന്‍ എന്നുള്ളതായിരുന്നു ഇന്നസെന്റിന്റെ മറുപടി.
ക്രൈസ്തവ വിശ്വാസത്തിലടിയുറച്ച കമ്യൂണിസ്റ്റു സഹയാത്രികന്
ഇരിങ്ങാലക്കുട: ക്രൈസ്തവ സഭയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തി എല്ലാ പ്രവര്‍ത്തനങ്ങളോടും സഹകരിച്ചിരുന്ന വ്യക്തിയാണ് ഇന്നസെന്റ്. ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച ഒരു കമ്യൂണിസ്റ്റുക്കാരന്റെ മകന്. പൊതുരംഗത്തും സിനിമയില്‍ കലാരംഗത്തും സഭാ നേതൃത്വത്തേയോ ക്രൈസ്തവ വിശ്വാസത്തേയോ ഒരിക്കല്‍ പോലും അദ്ദഹം തള്ളി പറഞ്ഞിട്ടില്ല. 2014ല്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇടതു പക്ഷ സ്ഥാനാര്‍ഥിയായി വിജയിച്ചപ്പോള്‍ തന്റെ വീടിനു മുന്നിലെ സെന്റ് റാഫേല്‍ കപ്പേളയില്‍ തന്റെ തൂക്കത്തിലുള്ള മെഴുകുതിരി സമര്‍പ്പിച്ച് നേര്‍ച്ച നിറവേറ്റിയിരുന്നു. കുടുംബാഗങ്ങളോടപ്പമാണ് ഈ നേര്ച്ചതിരി കത്തിക്കുവാന്‍ കപ്പേളയില്‍ എത്തിയത്. ആറ് വര്‍ഷം മുമ്പ് കര്‍ദിനാള്‍ ആലഞ്ചേരിയും ബിഷപ്പ് മാര്‍
പോളി കണ്ണൂക്കാടനും ഇന്നസെന്റിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് സമ്മാനിച്ചത് പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപമായിരുന്നു. തെരഞ്ഞടിപ്പില് മത്സരിക്കുവാന്‍ നോമിനേഷന് നല്കുവാന് പോകുന്നതിനു മുമ്പും തിരഞ്ഞടുപ്പില്‍ ജയിച്ചപ്പോഴും ഇരിങ്ങാലക്കുട കിഴക്കേപള്ളിയിലെത്തി മാതാപിതാക്കളുടെ കല്ലറയില്‍ എത്തി പൂച്ചെണ്ടുകള്‍ വച്ച് പ്രാര്‍ഥിക്കുന്ന പതിവുണ്ട്. സ്വന്തം ഇടവകയായ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു ഇന്നസെന്റ്. അപ്പന് പകര്‍ന്നു തന്ന ഈ കാഴ്ചപാടുകള്‍ തന്നെയായിരുന്നു ഇന്നസെന്റും പിന്തുടര്ന്നത്. പള്ളിയിലും പാര്‍ട്ടി ക്ലാസിലും ഒരു പോലെ പോയ വ്യക്തിയാണ് പിതാവ് തെക്കേതല വറീത്. ബൈബിളിനൊപ്പം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വായിക്കുന്നതില്‍ ഒരു വൈരുധ്യവും അദ്ദേഹം കണ്ടില്ല. കറകളഞ്ഞ കമ്യൂണിസ്റ്റുകാരനാണെങ്കിലും എന്നോടൊരിക്കലും പാര്‍ട്ടിയില്‍ ചേരാനോ അതിന്റെ ആശയങ്ങളില്‍ വിശ്വസിക്കാനോ പറഞ്ഞിട്ടില്ലന്ന് ഇന്നസെന്റ് തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. അപ്പന് കമ്യൂണിസ്റ്റുപാര്‍ട്ടി എന്നാല്‍ കൊടിപിടിച്ച വെറും ഒരു ആള്‍ക്കൂട്ടമോ അവര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങളോ തിരഞ്ഞെടുപ്പോ ഭരണണമോ ഒന്നുമായിരുന്നില്ല. അത് ഒരു സംസ്കാരവും മനുഷ്യത്വവും ധീരതയുമൊക്കെയായിരുന്നു. പാര്‍ട്ടിക്ലാസുകളിലും
യോഗങ്ങളിലും പങ്കെടുത്തിരുന്ന പിതാവിന്റെ പ്രസംഗ വിഷയം റഷ്യന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, സോക്രട്ടീസ്, ലെനിന്, സ്റ്റാന്ലിന് എന്നിവയെല്ലാമായിരുന്നു. നിശബ്ദനായ കമ്യൂണിസ്റ്റുകാരനായിരുന്നു അപ്പന്. ജാഥകള്‍ക്കൊന്നും പോവില്ല. സമ്മേളനങ്ങള്‍ക്ക് പോയി ദൂരെനിന്ന് പ്രസംഗം ശ്രദ്ധിച്ചു കേള്‍ക്കും, തിരിച്ചുപോരും. കേട്ട പ്രസംഗത്തെക്കുറിച്ചുള്ള സ്വന്തം അഭിപ്രായം വീട്ടിലും സുഹൃത്തുക്കളോടും പറയും. അവിടത്തീര്ന്നു. രാഷ്ട്രീയജ്വരമുണ്ടായിരുന്നെങ്കിലും അപ്പന് ഒരിക്കലും വിവേകം നഷ്ടപ്പെട്ടിരുന്നില്ല. പള്ളിയില്‍ പോവും. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കുരിശുവരയ്ക്കും. അപ്പന്റെ അടുത്തുനിന്ന് കൊണ്ടാണ് ആദ്യമായി ഒരു രാഷ്ട്രീയജാഥ കാണുന്നത്. അതും നാലാം വയസില്‍. 1952ല്‍ ഇരിങ്ങാലക്കുടയില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ച ഇടതു പക്ഷ സ്ഥാനാര്‍ഥി കെ.വികെ. വാരിയരുടെ ആഹ്ളാദ പ്രകടനം. ജാഥ കടന്നു പോകുന്നവഴിയില്‍ കണ്ട തന്നെ കവിളില്‍ ഒന്നുതട്ടി കെ.വികെ. വാരിയരുടെ കഴുത്തില്‍ കിടന്നിരുന്ന ചുവന്ന മാല ഊരി എന്റെ കഴുത്തിലണിയിക്കുകയായിരുന്നു. ആദ്യമായി രക്തഹാരം തന്റെ കഴുത്തിലണിഞ്ഞ സംഭവം ഇങ്ങനെയാണ് ഇന്നസെന്റ് വിവരിക്കുന്നത്. പഠനശേഷം ഇന്നസെന്റ് ആരംഭിച്ച കടയുടെ വെഞ്ചിരിച്ച് നടത്തിയത് ബിഷപ്പായിരുന്നു. അപ്പന്റെ ഒരു സഹോദരി കന്യാസ്ത്രീ ആയിരുന്നു. സിസ്റ്റര്‍ ക്ലാവുദിയ എന്നായിരുന്നു പേര്. മാപ്രാണം ക്ലാരമഠത്തില്‍ അംഗമായിരുന്നു അവര്‍