കൂടല്‍മാണിക്യ ക്ഷേത്രത്തെ പ്രഭാപൂരിതമാക്കുന്ന വലിയ വിളക്കാഘോഷം ഇന്ന് (10.03.2023) നടക്കും
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ലക്ഷദീപം തെളിഞ്ഞു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തെ സ്വര്‍ണ നാളങ്ങളാല്‍ പ്രഭാപൂരിതമാക്കുന്ന വലിയ വിളക്കാഘോഷം ഇന്ന് നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള എട്ടു വിളക്കുകളുടെ സമാപനം കുറിക്കുന്നതാണു വലിയവിളക്ക്. ക്ഷേത്ര കവാടങ്ങളും ഗോപുര ദ്വാരങ്ങളും ചുറ്റമ്പലവും നാലമ്പലവും കുലീപിനി തീര്ഥക്കരയും കുട്ടംകുളം പരിസരവും മണ്ചെരാതുകളില് എരിയുന്ന ദീപങ്ങളുടെ ആവലിയാല് നിറയും. ആല്‍ത്തറയും വിളക്കുമാടവും ദീപസ്തംഭങ്ങളും വലിയവിളക്കിനു സ്വാഗതമരുളും. ശ്രീകോവിലിനകത്തെയും വിളക്കുമാടത്തിലെയും മുഴുവന്‍ വിളക്കുകളും ജ്വലിക്കും. കൊടിമരത്തിനു കിഴക്ക് ഒമ്പതു തട്ടുള്ള വലിയ ഭീപസ്തംഭങ്ങളും കുലീപിനി തീര്‍ഥകുളത്തിന്റെ നാലു വശങ്ങളും ഭീപാലങ്കൃതമാകും. ചുറ്റമ്പലത്തിനകത്തും ക്ഷേത്രത്തിനകത്തും കത്തിച്ചുവെച്ച ചിരാതുകള്‍ രാത്രിയെ പകലാക്കും. ക്ഷേത്രം മുഴുവന്‍ ദീപാലങ്കൃതമാകുമെന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. രാത്രി 8.30 ന് ഭഗവത് ചൈതന്യമാവാഹിച്ച തിടമ്പ് പുറത്തേക്കെഴുന്നള്ളിച്ച് ശ്രീകോവിലിനു തെക്ക് സപ്തമാതൃക്കള്‍ക്ക് ബലിതൂകി തിടമ്പ് കോലത്തിലേറ്റും. ലക്ഷദീപങ്ങളുടെ പ്രഭയില്‍ ഈ വര്‍ഷത്തെ ഉത്സവത്തിന്റെ അവസാന വിളക്കെഴുന്നള്ളിപ്പിനു സംഗമേശ്വരന് 16 ആനകളുടെ അകമ്പടിയോടെ കിഴക്കേ നടപ്പുരയില്‍ എഴുന്നള്ളി നില്ക്കും. പഞ്ചാരിയുടെ കാലങ്ങള്‍ രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് കിഴക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ പെരുമ്പറ മുഴക്കമാവും. തുടര്‍ന്ന് അവസാന പ്രദക്ഷിണവും പൂര്‍ത്തിയാക്കി ഭഗവത് ചൈതന്യം ആവാഹിച്ച തിടമ്പ് ക്ഷേത്രത്തിനകത്തേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് കോലം പുറത്തേക്കെഴുന്നള്ളിച്ച് ഗജവീരന്റെ പുറത്തേറ്റി രണ്ടു ഗജവീരന്മാരോടുകൂടി അകമ്പടിയോടെ നാലു പ്രദക്ഷിണം പൂര്‍ത്തിയാക്കും. അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ കൂത്തമ്പലത്തിനു തെക്ക്-പടിഞ്ഞാറ് ഭാഗത്ത് വിളക്കാചാരം നടക്കും. ആറാമത്തെ പ്രദക്ഷിണം 17 ഗജവീരന്മാരോടൊപ്പമുള്ള ഭഗവാന്റെ എഴുന്നള്ളിപ്പായിരിക്കും. ഏഴാമത്തെ പ്രദക്ഷിണം ഇടയ്ക്കാ പ്രദക്ഷിണവും എട്ട്, ഒമ്പത് പ്രദക്ഷിണങ്ങള്‍ നാഗസ്വരത്തോടെയുമായിരിക്കും. തുടര്‍ന്ന് അകത്തേക്ക് എഴുന്നള്ളിപ്പ്. 250 ഓളം കലാകാരന്മാര് പങ്കെടുക്കുന്ന വലിയവിളക്കിലെ പഞ്ചാരിമേളത്തിനു പത്മശ്രീ പെരുവനം കുട്ടന്മാരാര് പ്രമാണം വഹിക്കും. കൂടല്‍മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട രാമായണ കഥാ സന്ദര്‍ഭം ആട്ടക്കഥയാക്കിയ ശ്രീരാമപട്ടാഭിഷേകം കഥകളി ഇന്ന് നടക്കും. ഈ കഥകളി കാണാനും നേദ്യം സ്വീകരിക്കുവാനും ആയിരകണക്കിനു ഭക്തജനങ്ങളാണു ക്ഷേത്രത്തിലെത്തിചേരുക.
കൂടല്‍മാണിക്യത്തില്‍ ഇന്ന്; വലിയ വിളക്ക്
(സ്പെഷ്യല്‍ പന്തലില്‍)
ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെ തിരുവാതിരക്കളി. നാല് മുതല്‍ അഞ്ച് വരെ ഗിരിജ ശശിധരനും സംഘവും അവതരിപ്പിക്കുന്ന നാരായണീയം അക്ഷരശ്ലോക സദസ്, അഞ്ച് മുതല്‍ ആറ് വരെ ഓട്ടന്‍ തുള്ളല്‍, ആറ് മുതല്‍ ഏഴ് വരെ ദുബൈ നൃത്ത്യ ഫൈന്‍ ആട്സ് പ്രേം മേനോന് അവതരിപ്പിക്കുന്ന നൃത്തം. ഏഴ് മുതല്‍ 8.30 വരെ ഭരതനാട്യം. 8.30 മുതല്‍ 9.30 വരെ ഇരിങ്ങാലക്കുട സാന്ദ്ര പിഷാരടി അവതരിപ്പിക്കുന്ന മോഹിനിയാട്ടക്കച്ചേരി. രാത്രി 12ന് കഥകളി-ശ്രീരാമ പട്ടാഭിഷേകം. രാവിലെ 8.30 മുതല്‍ ശീവേലി, രാത്രി 9.30 മുതല്‍ വിളക്ക്. പഞ്ചാരിമേളത്തിന് പത്മശ്രീ പെരുവനം കുട്ടന് മാരാര്‍ പ്രമാണം വഹിക്കും.
(സംഗമം വേദി)
ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ തിരുവാതിരക്കളി, നാല് മുതല്‍ അഞ്ച് വരെ ഗീത ബാലകൃഷ്ണന് ചാലക്കുടി അവതരിപ്പിക്കുന്ന സംഗീത കച്ചേരി, അഞ്ച് മുതല്‍ ആറ് വരെ സബിത മന്നാടിയാര്‍ പാലക്കാട് അവതരിപ്പിക്കുന്ന ഭരതനാട്യം, ആറ് മുതല്‍ ഏഴ് വരെ സൗപര്‍ണിക നമ്പ്യാര്‍, കാര്‍ത്തിക മാധവി മാപ്രാണം എന്നിവര്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുടി, ഏഴ് മുതല്‍ എട്ട് വരെ സൗമ്യ സതീഷ് കൊറ്റനല്ലൂര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, എട്ട് മുതല്‍ ഒമ്പത് വരെ ചെന്നൈ സന്ധ്യ വെങ്കിടേശ്വരന് അവതരിപ്പിക്കുന്ന ഭരതനാട്യം, ഒമ്പത് മുതല്‍ പത്ത് വരെ കലാമണ്ഡലം അമലു, സതീഷ് എന്നിവര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം.