വാതില്‍മാടം കോളനിയില്‍ മണ്ണിടിച്ചില്‍, എട്ട് കുടുംബങ്ങള്‍ ആശങ്കയില്‍, മന്ത്രി ആര്. ബിന്ദു സ്ഥലം സന്ദര്‍ശിക്കണം-ബിജെപി
ഇരിങ്ങാലക്കുട: മാപ്രാണം വാതില്‍മാടം കോളനിയില്‍ തുടര്‍ച്ചയായി മണ്ണിടിയുന്ന സ്ഥലം ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. രണ്ട് വീടുകള്‍ തകരുകയും എട്ട് വീടുകള്‍ ആശങ്കയിലുമാണ് കഴിയുന്നത്. നിരവധി പരാതികള്‍ മാറി മാറി വന്ന വിവിധ എംഎല്‍എമാര്‍ക്കും മന്ത്രി ആര്. ബിന്ദുവിനും നഗരസഭയ്ക്കും നല്‍കിയെങ്കിലും പൊള്ളയായ വാഗ്ദാനങ്ങളല്ലാതെ ഒന്നുംതന്നെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. വളരെ ദയനീയവും കടുത്ത ഭീതിയിലുമാണ് ഇവര്‍ കഴിഞ്ഞ് കൂടുന്നത്. 25 ലക്ഷം രൂപ നല്‍കണമെന്നും പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തണമെന്നും ബിജെപി ആവശ്യപ്പെടുന്നു. നഗരസഭ വാര്‍ഡ് 38ല്‍ വാതില്‍മാടം കോളനിയില്‍ തുടര്‍ച്ചയായ മഴയില്‍ തെക്കൂടന്‍ കൊച്ചക്കന് മകള്‍ രേഖയുടെ വീടിന്റെ പുറകിലേക്കാണ് മണ്ണിടിഞ്ഞത്. ഇതോടെ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കോളനിയിലെ എട്ട് വീട്ടുകാരും ആശങ്കയിലാണ്. വിഷയത്തില്‍ എംഎല്‍എയും മന്ത്രിയുമായ ആര്. ബിന്ദുവും നഗരസഭയും ജാഗ്രത പുലര്‍ത്തിയില്ലെന്ന് ആരോപിച്ച് ബിജെപി ബൂത്ത് കമ്മറ്റി സമരവും നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ഏരിയ പ്രസിഡന്റ് ടി.ഡി. സത്യദേവ്, കൗണ്‍സിലറും സെക്രട്ടറിയുമായ ഷാജുട്ടന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.വി. സുരേഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.ആര്. രനുദ്ധ്, ബൂത്ത് പ്രസിഡന്റ് ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.