അങ്കിള്മാരേ, ഈ പാര്ക്കൊന്നു നന്നാക്കാമോ? പുതുജീവന്‍ തേടി ഒരു പാര്‍ക്കുണ്ട്, ഈ കാടിന്റെ ഇടയില്‍
അരിപ്പാലം: വൈകുന്നേരങ്ങളില്‍ ഇളംകാറ്റേറ്റ് പ്രകൃതിഭംഗി ആസ്വദിച്ച് ചിറയ്ക്കരികില്‍ ഇരിക്കാന്‍ പൂമംഗലം പഞ്ചായത്തുകാര്‍ക്ക് ഒരു പാര്‍ക്ക് ഉണ്ടായിരുന്നു. എന്നാലിന്ന് പാര്ക്കിന് പകരം പലപ്പോഴും ഒരു കാടാണ് കാണാന്‍ സാധിക്കുക. വളര്‍ന്നു പന്തലിച്ച പുല്ലുകള്‍ക്കിടയില്‍ അങ്ങിങ്ങായി കളിയുപകരണങ്ങളും കാണാം. പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള അരിപ്പാലം പാര്‍ക്കിനാണ് ഈ ദുരവസ്ഥ.
കാലങ്ങളായി ഈ പാര്‍ക്കിന്റെ അവസ്ഥ ഇങ്ങനെയാണ്. പൂമംഗലം, പടിയൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരിപാലം ചിറയോട് ചേര്‍ന്ന 25 സെന്റ് സ്ഥലത്താണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ആരംഭിച്ച വേളയില്‍ ഒട്ടേറെപേര്‍ വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കാന്‍ പാര്‍ക്കില്‍ എത്തിയിരുന്നെങ്കലും പിന്നീട് നവീകരണം ഇല്ലാതായതോടെ കാടുകയറിയ നിലയിലായി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് (2010-11) ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പാര്‍ക്കില്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ സ്മാരക രംഗവേദി നിര്‍മിച്ചിരുന്നു. അതിനുശേഷം പാര്‍ക്ക് നവീകരണം നടത്തി ഊഞ്ഞാലും മറ്റും സ്ഥാപിക്കുകയും ഗേറ്റ് വയ്ക്കുകയും ചെയ്തു. പിന്നീട് ഇവിടെ ആരും വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല. പാര്‍ക്കിനെ അലങ്കരിച്ചിരുന്ന ചെടികളെല്ലാം നാമവശേഷമായി. സിമന്റ് കസേരകളും ചുറ്റുമതിലുമെല്ലാം പൂപ്പല്‍ കയറി. അമ്മന്നൂര്‍ രംഗവേദിയും പുല്ലുകള്‍ കീഴടക്കി. വല്ലപ്പോഴും പുല്ല് നീക്കം ചെയ്യാറുണ്ട്.
പാര്ക്കില്വരാന് ആളുകള്‍ മടിക്കുകയാണ്. തനതു വരുമാനമില്ലാത്ത പഞ്ചായത്തുകളിലൊന്നാണ് പൂമംഗലം. ഈ സാഹചര്യത്തില്‍ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെ സഹകരണത്തോടെ പാര്‍ക്കില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കളിയുപകരണങ്ങളും ചെടികളും വച്ചുപിടിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. പാര്‍ക്ക് നവീകരിക്കാനും പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും പദ്ധതികള്‍ ആലോചിക്കുന്നുണ്ടെന്ന് പഞ്ചായത്തധികൃതര്‍ പറയുന്നെങ്കിലും യാഥാര്‍ഥ്യമാകുന്നില്ല എന്നുള്ളതാണ് വസ്തുത.