കെഎല്‍ഡിസി കനാലില്‍ അടിഞ്ഞുകൂടിയ കുളവാഴയും ചണ്ടിയും നീക്കം ചെയ്തു
മുരിയാട്: കെഎല്‍ഡിസി കനാലില്‍ അടിഞ്ഞുകൂടിയ കുളവാഴയും ചണ്ടിയും നീക്കുന്നതോടെ കര്‍ഷകര്‍ക്ക് ആശ്വാസം. കോന്തിപുലത്തുനിന്ന് ആനന്ദപുരത്തേക്കു പോകുന്ന റോഡില്‍ കെഎല്‍ഡിസി കനാലിനു കുറുകെയുള്ള പാലത്തിനടിയിലാണു ചണ്ടിയും കുളവാഴയും അടിഞ്ഞത്. ഇതോടെ മുരിയാട് കൃഷിഭവനു കീഴിലുള്ള കോട്ടുപാടം പാടശേഖരത്തില്‍ 10 ഏക്കറോളം സ്ഥലത്ത് ഒരടിയോളം ഉയരത്തിലാണ് വെള്ളം കെട്ടിനിന്നത്. ഞാറുനട്ട സ്ഥലങ്ങളിലും ഞാറിനായി വിത്തുപാകിയ നിലങ്ങളിലുമെല്ലാം വെള്ളക്കെട്ടായിരുന്നു. മഴ നീങ്ങിയെങ്കിലും വെള്ളം ഒഴിഞ്ഞുപോകാത്തതിനാല്‍ ഞാറുനട്ടതെല്ലാം ചീഞ്ഞുപോകുമോയെന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍. ഇതേക്കുറിച്ച് ദീപിക നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇറിഗേഷന്‍ അധികൃതര്‍ ജെസിബി ഉപയോഗിച്ച് ചണ്ടിനീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയത്. വെള്ളം ഒഴുകിപ്പോകാന്‍ തുടങ്ങിയതോടെ പാടത്ത് കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. കെഎല്‍ഡിസി കനാല്‍ ആരംഭിക്കുന്ന തൊമ്മാന വരെയുള്ള ഭാഗത്തെ ചണ്ടി നീക്കികൊണ്ടിരിക്കുകയാണിപ്പോള്.