കരുവന്നൂര്‍ ബാങ്ക്: ദയാവധം അനുവദിക്കണമെന്ന അപേക്ഷ നല്കിയ നിക്ഷേപകനെ കാണാന്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മന്ത്രിയുടെ ഇടപെടല്‍, നിക്ഷേപകന് പണം തിരികെനല്കാന് നീക്കം
ഇരിങ്ങാലക്കുട: ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ച കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന് ജോഷി ആന്റണിക്ക് പണം തിരികെ നല്കാന് സഹകരണമന്ത്രി വി.എന്‍. വാസവന്റെ ഇടപെടല്‍. മാപ്രാണം സ്വദേശി വടക്കേത്തല വീട്ടില്‍ ജോഷിയുടെ ദുരനുഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജോഷിക്ക് ലഭിക്കാനുള്ള തുക പൂര്‍ണമായി നല്കാന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറെ വിളിച്ച് ജോഷിയുടെ വീട്ടില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി മന്ത്രി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ ഇന്നലെ രാവിലെ ജോഷിയുടെ വീട്ടിലെത്തി. അവിടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സംസാരിക്കാന്‍ സാധ്യമല്ലെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതര്‍. തനിക്ക് ഒന്നും ഒളിച്ചുവക്കാനില്ലന്ന നിലപാടില്‍ ജോഷിയും ഉറച്ചുനിന്നതോടെ പിന്നീട് സംസാരിക്കാമെന്ന് അറിയിച്ച് ബാങ്ക് അധികൃതര്‍ മടങ്ങുകയായിരുന്നു. 85 ലക്ഷം രൂപയില്‍ ജോഷിയുടെ പേരിലുള്ള 23 ലക്ഷം രൂപ തിരികെ നല്‍കാനാണ് ധാരണയായതെന്നാണ് സൂചന.
സഹകരണമന്ത്രിയുടെ വാഗ്ദാനം നിരസിച്ച് നിക്ഷേപകനായ ജോഷി
തന്റെ പേരിലുള്ള നിക്ഷപതുക മാത്രം തിരിച്ചുനല്‍കാമെന്ന സഹകരണമന്ത്രിയുടെ വാഗ്ദാനം ജോഷി നിരസിച്ചു. കുടുംബത്തിന്റെ മുഴുവന്‍ നിക്ഷേപം തിരിച്ചുനല്‍കാതെ തന്റെ നിക്ഷേപം മാത്രം സ്വീകരിക്കാന്‍ തയാറല്ലെന്ന് ജോഷി പറഞ്ഞു. കണക്കനുസരിച്ച് തനിക്കുമാത്രം 29 ലക്ഷത്തിലധികം തരാനുണ്ടെന്നും കുടുംബത്തിന്റെ മുഴുവന്‍ നിക്ഷേപമായ 85 ലക്ഷത്തിലധികം രൂപ മുഴുവനായി തന്നാല്‍ മാത്രമേ സ്വീകരിക്കുള്ളൂവെന്നും ജോഷി പറഞ്ഞു. കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ടുതവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ അനുഭവിക്കേണ്ടി വന്നയാളാണ് 53കാരനായ ജോഷി. കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോള്‍ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമുണ്ടായില്ല. കുടുംബത്തിലെ ചെലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. പണം ചോദിച്ചു ചെല്ലുമ്പോള്‍ സിപിഎംനേതാക്കള്‍ പുലഭ്യം പറയുന്നു. തൊഴിലെടുത്തു ജീവിക്കാനുമാകുന്നില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനും മുഖ്യമന്ത്രിക്കും അയച്ച കത്തില്‍ ജോഷി പറഞ്ഞത്.