പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ 100 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി
ഇരിങ്ങാലക്കുട: പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ 100 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജി. അനൂപ് കുമാറും പാര്‍ട്ടിയും കൂടി ചാലക്കുടി താലൂക്ക് വരന്തരപ്പിള്ളി വില്ലേജ് വെട്ടിങ്ങപാടം പാറമ്മല്‍ വീട്ടില്‍ സിറാജുദ്ദീന് എന്നയാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നുമാണ് ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ 100 ലിറ്റര്‍ വാഷും ചാരായം വാറ്റുന്നതിനുള്ള പാത്രങ്ങളും ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടര്‍ എന്നിവ കണ്ടെടുത്ത് അബ്കാരി കേസ് എടുത്തിട്ടുള്ളത്. സിറാജുദ്ദീനെ അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) എ. സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍ ഫാബിന് പൗലോസ്, പ്രിവന്റ് ഓഫീസര്‍ ഗ്രേഡ് വി.വി. ബിന്ദുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഐ.വി. സാബു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പി.ആര്. രഞ്ജു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.