കൂടല്‍മാണിക്യം ഉത്സവം; ആനയെഴുന്നള്ളിപ്പിന് വിപുലമായ സജ്ജീകരണം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവ ആനയെഴുന്നള്ളിപ്പിന് സജ്ജീകരണങ്ങള്‍ വിപുലമാക്കി. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയംഗം ചുമതലയുള്ള കമ്മിറ്റി രൂപീകരിച്ച് മേല്‍നോട്ടം വഹിക്കുന്നുണ്ട്. നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും എഴുന്നള്ളിപ്പ്. ഉത്സവത്തിന് അണിനിരക്കുന്ന ആനകളുടെ പരിശോധനനടത്തി. ദേവസ്വം കൊട്ടിലാക്കല്‍ പറമ്പിലാണ് ആനകളുടെ പരിശോധന നടത്തുന്നത്. മൃഗഡോക്ടര്‍മാരും ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുമാണ് പരിശോധനാസംഘത്തിലുള്ളത്. പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും. വനംവകുപ്പ് റിപ്പോര്‍ട്ട് മൃഗസംരക്ഷണവകുപ്പിന് കൈമാറും.
അത് വിലയിരുത്തിയാണ് മൃഗസംരക്ഷണവകുപ്പ് ഫിറ്റ്നെസ് നല്‍കുന്നത്. പാപ്പാന്മാരുടെ വിവരങ്ങളും ആനകളുമായുള്ള സമ്പര്‍ക്കവും വിലയിരുത്തും. തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്തവയാണ് അധികം ആനകളും. ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എല്‍. സുനിലാല്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ.വി. ഷിബു എന്നിവരുടെ നേത്യത്വത്തില്ലായിരുന്നു പരിശോധന. ആനകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴോ, പോകുമ്പോഴോ ആളുകള്‍ ആനകളുടെ അടുത്തേക്ക് പോകുവാനോ, സ്പര്‍ശിക്കുവാനോ സാധിക്കാത്തവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സമയം പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദങ്ങള്‍ക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ആനകള്‍ക്ക് കുളിക്കുന്നതിനും വേനല്‍ച്ചൂടില്‍നിന്നു രക്ഷപ്പെടുന്നതിനുമായി ഷവര്‍ ബാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 17 ആനകളെയാണു എഴുന്നള്ളിക്കുന്നതെങ്കിലും 25 ആനകളെയാണു ക്ഷേത്രപറമ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനായാണ് കൂടുതല്‍ ആനകളെ കൊണ്ടുവന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ആനകളെ പരിശോധനയ്ക്ക് വിധേയമാക്കും. എലിഫന്റ് സ്ക്വാഡ് പ്രവര്‍ത്തനം 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തുണ്ട്.
കൂടല്‍മാണിക്യം തിരുവുത്സവം; മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടന്മാരാര്ക്ക് സമ്മാനിച്ചു
ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടന്മാരാര്ക്് സമ്മാനിച്ചു. ഉത്സവത്തോടനുബന്ധിച്ച് തെക്കേ നടയിലെ സ്പെഷ്യല്‍ പന്തലില്‍ നടന്ന സാംസ്കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് വി.കെ. വിജയന് പുരസ്കാരം സമര്‍പ്പിച്ചു. പ്രവാസി നിസാര്‍ അഷ്റഫ്, വോള്‍ഗ അഗ്രോ ഫുഡ്സ് ഡയറക്ടര്‍ പ്രദീപ്മേനോന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ഡോ. ബിന്ദു ആദരിച്ചു. ദേവസ്വം മെമ്പര്‍ അഡ്വ. കെ.ജി. അജയകുമാര്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ കെ. ഉഷാനന്ദിനി നന്ദിയും പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ രാഘവന് മുളങ്ങാടന്‍, വി.സി. പ്രഭാകരന്, കെ. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.