യോഗഗ്രാമമാകാന് വെള്ളാങ്കല്ലൂര്‍ ഒരുങ്ങുന്നു
വെള്ളാങ്കല്ലൂര്‍: പഞ്ചായത്തിനെ യോഗ ഗ്രാമമാക്കാനുള്ള ‘എന്റെ ഗ്രാമം യോഗാ ഗ്രാമം’ പദ്ധതി തുടങ്ങി. 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പ്രായലിംഗഭേദം കൂടാതെ പഞ്ചായത്തിലെ 21 വാര്‍ഡുകളിലും നടപ്പാക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ ഓരോ വാര്‍ഡില്‍ നിന്നു 500 പേര്‍ക്കു വീതം അഞ്ചു കേന്ദ്രങ്ങളില്‍ വെച്ച് വ്യത്യസ്ത സമയക്രമം അനുസരിച്ച് പരിശീലനം നല്‍കും. വാര്‍ഡുകളില്‍ നിന്നുള്ള രജിസ്ട്രേഷന് ഈ മാസം 10 വരെ സ്വീകരിക്കും. ഈ മാസം 15 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണു ക്ലാസുകള്‍ നടക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി ക്ലാസുകള്‍ ആദ്യഘട്ടത്തില്‍ 15 മുതല്‍ 65 വരെയുള്ളവര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ബാച്ചിനു ഒരു മണിക്കൂര്‍ വീതമുള്ള 25 മുതല്‍ 30 വരെ ക്ലാസുകള്‍ നല്‍കാനാണു തീരുമാനം. മാര്‍ച്ച് 31 നു മുമ്പായി ആദ്യഘട്ട ക്ലാസുകള്‍ അവസാനിക്കുമെന്നു കോ-ഓര്‍ഡിനേറ്ററും വാര്‍ഡംഗവും കൂടിയായ ഷമ്മി ജോസഫ് പറഞ്ഞു. മൂന്നു ലക്ഷമാണു പദ്ധതിത്തുക. പദ്ധതിയുടെ ഉദ്ഘാടനം വി.ആര്. സുനില്‍ കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, ഡോ. അജിത്ത് തോമസ്, നിഷ ഷാജി, സീമന്തിനി സുന്ദരന്‍, എം.കെ. മോഹനന്, എ.ആര്. ഉന്മേഷ് എന്നിവര്‍ പ്രസംഗിച്ചു.