പുളിക്കലച്ചിറ പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഷൊര്‍ണ്ണൂര്‍ കൊടുങ്ങല്ലൂര്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നടപടികള്‍ സ്വീകരിക്കും മന്ത്രി മുഹമ്മദ് റിയാസ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലൂടെ കടന്ന് പോകുന്ന ഷൊര്‍ണ്ണൂര്‍ കൊടുങ്ങല്ലൂര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവ്യത്തികള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പായമ്മല്‍ റോഡിലെ പുളിക്കലച്ചിറ പാലം പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചില സാങ്കേതിക കാരണങ്ങളാല്‍ 250 കോടി ചിലവുള്ള റോഡ് നിര്‍മ്മാണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതില്‍ ആയിരുന്നില്ല. വിഷയത്തില്‍ ഇടപെടുകയും പ്രവ്യത്തി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. പുളിക്കലച്ചിറ പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ഒരു കോടി അറുപത്തി രണ്ട് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാ സൗകര്യവും നാലമ്പല തീര്‍ത്ഥാടന കാലത്ത് പായമ്മല്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാവുകയും സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകുയും ചെയ്യുമെന്ന് ഡോ. ആര്. ബിന്ദു അറിയിച്ചു. പുളിക്കലച്ചിറ പാലം പരിസരത്ത് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സിഎം സ്വപ്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ജനപ്രതിനിധികളായ ടി.വി. വിബിന്, ജയശ്രീലാല്‍, രാജേഷ് അശോകന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് പാലം വിഭാഗം അസി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിമേഷ് പുഷ്പന് സ്വാഗതവും അസി എന്‍ജിനീയര്‍ എം.എം. ബിന്ദു നന്ദിയും പറഞ്ഞു.