എസ്ഡിആര്എഫിന്റെ കണക്കിലെ കളികള്‍ നടത്തി വയനാട് ദുരന്തബാധിതര്‍ക്ക് കേന്ദ്രം സഹായങ്ങള്‍ നിഷേധിക്കുന്നു- മന്ത്രി കെ. രാജന്
മുകുന്ദപുരം താലൂക്ക്തല അദാലത്ത്; വയനാട് ദുരന്തബാധിതര്‍ക്ക് കേന്ദ്രം സഹായങ്ങള്‍ നിഷേധിക്കുന്നു: മന്ത്രി കെ. രാജന്
ആകെ ലഭിച്ചത് 385 അപേക്ഷകള്‍; 15 ദേവസ്വംപട്ടയങ്ങളും 22പേര്‍ക്ക് റേഷന്‍കാര്‍ഡുകളും വിതരണം ചെയ്തു
ഇരിങ്ങാലക്കുട: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരാതിപരിഹാര അദാലത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച മുകുന്ദപുരം താലൂക്ക് അദാലത്തില്‍ 15 ദേവസ്വം പട്ടയങ്ങളും 22 റേഷന്‍ കാര്‍ഡുകളും വിതരണംചെയ്തു. മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ നെല്ലായി, ഇരിങ്ങാലക്കുട, നെന്മണിക്കര, തൊട്ടിപ്പാള്‍, എടത്തിരുത്തി, പടിയൂര്‍, കടുപ്പശേരി ഗ്രാമപ്പഞ്ചായത്തുകളിലായാണ് പട്ടയങ്ങള്‍ വിതരണംചെയ്തത്. ഓണ്‍ലൈനായി നേരത്തെലഭിച്ചതടക്കം 385 അപേക്ഷകളാണ് അദാലത്ത് മുമ്പാകെ എത്തിയത്. നേരത്തെനടന്ന ചടങ്ങില്‍ മന്ത്രി കെ. രാജന് അദാലത്ത് ഉദ്ഘാടനംചെയ്തു.
കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാടുകളെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ആരോഗ്യ, വിദ്യാഭ്യാസ, ഭവന നിര്‍മാണ മേഖലകളില്‍ സംസ്ഥാനത്തിന് എറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. എസ്ഡിആര്എഫിന്റെ കണക്കിലെ കളികള്നടത്തി വയനാട് ദുരന്തബാധിതര്‍ക്ക് കേന്ദ്രം സഹായങ്ങള്‍ നിഷേധിക്കുകയാണ്. കേരളത്തിന് അര്‍ഹമായ അവകാശങ്ങള്‍ നല്‍കുക തന്നെ ചെയ്യണമെന്നും ദുരന്തങ്ങളെ നമ്മള് പേടിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആര്. ബിന്ദു അധ്യക്ഷതവഹിച്ചു. എംഎല്‍എമാരായ കെ.കെ. രാമചന്ദ്രന്, വി.ആര്. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് സ്വാഗതവും ആര്‍ഡിഒ ഡോ. എം.സി. റെജില്‍ നന്ദിയും പറഞ്ഞു.