അനധികൃത മദ്യ വില്പന-പ്രതിക്ക് തടവും പിഴയും
ഇരിങ്ങാലക്കുട: അനധികൃത മദ്യവില്പന നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. 2015 ജൂലായ് രണ്ടിനു പുത്തന്‍ചിറ വില്ലേജ് മൂരിക്കാട് ദേശത്ത് അനധികൃതമായി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശം വച്ച് വില്പന നടത്തിയ പുത്തന്‍ചിറ വില്ലേജ് ശാന്തിനഗര്‍ ദേശത്ത് കുളിക്കാശേരി സുനില്‍കുമാറി (42) നെയാണു കുറ്റക്കാരനെന്നു കണ്ടെത്തി ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ജോമോന് ജോണ്‍ ഇന്ത്യന്‍ ശിക്ഷാനിയമം വിവിധ വകുപ്പുകള്‍ പ്രകാരം ഒരു വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കുവാനും ശിക്ഷിച്ചത്. പിഴയടയ്ക്കാതിരുന്നാല്‍ ആറു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. മാള എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.എ. ഹാറൂണ്‍ റഷീദും പാര്‍ട്ടിയും ചേര്‍ന്നു പിടിച്ചെടുത്ത മദ്യം, ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.പി. സുധാകരന് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസില്‍ മാള എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ. സുനില്‍ എന്നിവരാണു തുടരന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും എട്ടു സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനല്‍, അര്ജുന് രവി എന്നിവര്‍ ഹാജരായി.