പടിയൂരിന്റെ പടികടക്കാന്‍ മുന്നണികള്‍ അങ്കത്തിനിറങ്ങി…….
ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്, ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണി, നിലമെച്ചപ്പെടുത്താന്‍ ബിജപി
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണിയും തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങി. 1950 ല്‍ രൂപം കൊണ്ട പഞ്ചായത്തില്‍ ആദ്യത്തെ മൂന്നു തവണ മാത്രമാണു കോണ്‍ഗ്രസിനു വിജയിക്കാനായത്. പിന്നീടിങ്ങോട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയാണു വിജയിച്ചത്. ഇടതുമുന്നണിയില്‍ സിപിഐയും സിപിഎമ്മും ഒരുപോലെ സജീവമായ പഞ്ചായത്താണു പടിയൂര്‍. അതിനാല്‍ തന്നെ കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷം സിപിഎമ്മിനും ബാക്കി രണ്ടര വര്‍ഷം സിപിഐക്കുമായി നീക്കി വെക്കുകയാണുണ്ടായത്. ഭരണനേട്ടങ്ങള്‍ നിരത്തി പഞ്ചായത്തില്‍ വീണ്ടും ഭരണത്തിലെത്താമെന്നാണു ഇടതുമുന്നണിയുടെ പ്രതീക്ഷയെങ്കിലും നിരവധി ഭരണപരാജയങ്ങളുടെ ആരോപണവുമായാണ് കോണ്‍ഗ്രസും ബിജെപിയും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. പടിയൂരില്‍ കൃഷിയാണു മുഖ്യം എന്നതിനാല്‍ കര്‍ഷകരുടെ പിന്തുണ ലഭിക്കുന്നവര്‍ക്കായിരിക്കും ഭരണം നേടാനാകുക. നെല്‍കൃഷിയുടെ ആകെ വിസ്തീര്‍ണം 220 ഹെക്ടറാണ്. ഇതില്‍ 200 ഓളം ഹെക്ടര്‍ നെല്‍കൃഷി വിവിധ വികസന സംരംഭപദ്ധതിയിലൂടെ കൃഷിയിറക്കുന്നതിനായി ഇടതു ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. തെക്കോര്ത്തുകോള് വെര്‍ട്ടിക്കല്‍ ആക്സിസ് ഫ്ളോ പമ്പ് സെറ്റിനു ജില്ലാ പഞ്ചായത്ത് 12 ലക്ഷവും ഗ്രാമപഞ്ചായത്ത് ഏഴു ലക്ഷവും ചേര്‍ത്ത് 19 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയതിന്റെ ഫലമായി ദേവസ്വം കോള്‍, തെക്കോര്ത്തുകോള് എന്നീ പടവുകളില്‍ നാലു വര്‍ഷമായി വിളവിറക്കുവാന്‍ സാധിച്ചു. പഞ്ചായത്ത് ആസ്തി രേഖയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ റോഡുകളും ആസ്തി രേഖയില്‍ ഉള്പ്പെടേണ്ടതായ വിവിധ റോഡുകളും സഞ്ചാരയോഗ്യമാക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണ റോഡുകളിലെ വെള്ളക്കെട്ട് 90 ശതമാനവും ഒഴിവാക്കി. ടാറിംഗ്, റീടാറിംഗ്, കോണ്‍ഗ്രീറ്റിംഗും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓവുകളും കലിങ്കുകളും സ്ഥാപിച്ചു. പടിയൂര്‍ പഞ്ചായത്തിന്റെ പ്രധാന യാത്രാസംവിധാനമായ വളവനങ്ങാടി-പടിയൂര്‍-എടതിരിഞ്ഞി റോഡ് എംഎല്‍എയുടെ പ്രത്യേക താത്പര്യപ്രകാരം കലിങ്കുകളും കാനകളും നവീകരിച്ച് മൂന്നു കോടി രൂപ ചെലവില്‍ മെക്കാര്‍ഡം ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കി. 50 ലക്ഷം രൂപയുടെ കോടംകുളം ഒലിപ്പൂക്കഴ റോഡ് വെല്മൗത്തോടുകൂടിയ നവീകരണം, 50 ലക്ഷം രൂപയുടെ മഴുവഞ്ചേരിതുരുത്ത് റോഡ്, 50 ലക്ഷം രൂപയുടെ പട്ടാണികടവ് കൂത്തുമാക്കല്‍ റോഡ്, 35 ലക്ഷം രൂപയുടെ പുളിക്കച്ചിറ പാലം നിര്‍മാണം, 30 ലക്ഷം രൂപയുടെ കോച്ചംതോട് പാര്‍ശ്വഭിത്തികെട്ടല്‍, 25 ലക്ഷം രൂപയുടെ പടിയൂര്‍ പഞ്ചായത്ത് ഹോമിയോ ആശുപത്രി കെട്ടിടം, സര്‍ക്കാര്‍ ഉപണ്ടുകള് ഉപയോഗിച്ച് ഏഴു കോടി ചെലവിട്ട് ഷണ്മുഖം കനാല്‍ രണ്ടാംഘട്ടം നിര്‍മാണം, മൂന്നു കോടി ചെലവിട്ട് എടതിരിഞ്ഞി-വളവനങ്ങാടി റോഡ് എന്നിവയെല്ലാം ഇടതു മുന്നണിയുടെ ഭരണ നേട്ടങ്ങളായാണു ചൂണ്ടികാണിക്കുന്നത്. ഭരണപക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങളുമായാണു പ്രതിപക്ഷം രംഗത്തിറങ്ങിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് വിധാനം താഴെയാക്കി സുതാര്യമാക്കുമെന്ന വാഗ്ദാനം പാലിച്ചില്ല. പ്ലാസ്റ്റിക് മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാനുള്ള ഫണ്ട് വിനിയോഗിച്ചില്ല. ഷണ്മുഖം കനാല്‍ സൗത്ത് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കിയില്ല. ഗള്‍ഫ് മേഖലയില്‍ നിന്ന് ജോലിയില്ലാതെ എത്തിയവര്‍ക്കു തൊഴില്‍ സംരംഭം തുടങ്ങാന്‍ ഇന്‍ഡസ്ട്രിയില്‍ ഏരിയ ആരംഭിച്ചില്ല. തുടങ്ങിയ കാര്യങ്ങളാണു ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ മറികടക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ അനായാസ വിജയം ഉറപ്പ്. കഴിഞ്ഞ തവണ പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ 10 വാര്‍ഡുകളില്‍ ഇടതു മുന്നണിയും നാലു വാര്‍ഡുകളില്‍ കോണ്‍ഗ്രസും രണ്ടു വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ ബിജെപിക്കുണ്ടായ വോട്ടു വര്‍ധനവ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ബിജെപി.