തൊണ്ണൂറു വയസുള്ള വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് മാല കവര്‍ന്ന പ്രതി അറസ്റ്റില്‍
പിടിയിലായത് സൈക്കോ ബിജു എന്ന വിജയകുമാര്‍
ഇരിങ്ങാലക്കുട: മാപ്രാണത്ത് എണ്‍പതുകാരിയായ വൃദ്ധയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച് മാല കവര്‍ന്ന പ്രതി പാലക്കാട് വടക്കുഞ്ചേരി സ്വദേശി അവിഞ്ഞിക്കാട്ടില്‍ വീട്ടില്‍ സൈക്കോ ബിജു എന്ന വിജയകുമാറിനെ (36) തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവര്‍ അറസ്റ്റു ചെയ്തു. ഒന്‍പതോളം സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടില്‍ വൃദ്ധ മാത്രമുള്ളപ്പോള്‍ അതുവഴി വന്ന വിജയകുമാര്‍ ബൈക്ക് തൊട്ടടുത്ത ഇടവഴിയില്‍ വച്ച് വാതില്‍ തള്ളി തുറന്ന് അകത്തു കടന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന എണ്‍പതുകാരിയെ പൊക്കിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനു ശേഷം മാല പൊട്ടിച്ചെടുത്ത് ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളില്‍ പ്രതി പിടിയിലായത്. ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ വി.ജി. സ്റ്റീഫന്‍, എഎസ്ഐ മാരായ പി. ജയകൃഷ്ണന്, മുഹമ്മദ് അഷറഫ്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, സോണി സേവ്യര്‍, സിപിഒ മാരായ കെ.എസ്. ഉമേഷ്, എം.വി. മാനുവല്‍, ഷറഫുദ്ദീന്, ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്ഐ ജോര്‍ജ്, സി.എം. ക്ലീറ്റസ്, എഎസ്ഐ ജസ്റ്റിന്, സീനിയര്‍ സിപിഒ രാഹുല്‍ അമ്പാടന്‍, വി.വി. നിധിന്, മെഹറുന്നീസ, സജു, വി.വി. വിമല്‍, സച്ചിന്, സൈബര്‍ വിദഗ്ധരായ പി.വി. രജീഷ്, വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പട്ടാപ്പകല്‍ ഉണ്ടായ സംഭവത്തിലെ പ്രതിയെ പിടിക്കുക പോലീസിന്റെ അഭിമാന പ്രശ്നമായിരുന്നു.
പല തവണ മൊഴിമാറ്റി പറഞ്ഞ് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല.
പിടിയിലായത് നിരവധി കേസുകളിലെ പ്രതി
ഇരിങ്ങാലക്കുട: നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തും പല തവണ ജയിലില്‍ കിടന്നും തഴക്കമുള്ള പ്രതി പല തവണ മൊഴിമാറ്റി പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും ഏറെ കഷ്ടപ്പെട്ടാണ് ഇയാളുടെ കള്ളമൊഴികള്‍ പൊളിച്ച് അന്വേഷണ സംഘം കുറ്റസമ്മതം നടത്തിച്ചത്. മോഷ്ടിച്ച മാല വടക്കുഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരിക്കുകയാണ്. ഹോട്ടല്‍ തൊഴിലാളിയായി രണ്ടു വര്‍ഷത്തോളമായി തൊട്ടിപ്പാളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കസ്റ്റഡിയില്‍ വാങ്ങി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും, ഇയാള്‍ മറ്റെവിടെയെങ്കിലും ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു. പട്ടാപ്പകല്‍ ഉണ്ടായ സംഭവത്തിലെ പ്രതിയെ പിടിക്കുക ഇരിങ്ങാലക്കുട പോലീസിന്റെ അഭിമാന പ്രശ്നമായിരുന്നു. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേ, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജുകുമാര്‍ സ്ഥലത്തെത്തിയിരുന്നു. പല സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിച്ചവരുടെ ദൃശ്യങ്ങളാണ് ആദ്യം പരിശോധിച്ചത്. എന്നാല്‍ സിസിടിവി ക്യാമറകളില്‍ നിന്നു ലഭിച്ച അവ്യക്തമായ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തെ കുഴക്കി. ഇത്തരത്തില്‍ മുന്‍ കേസുകളില്പെട്ടവരെക്കുറിച്ചും അന്യസ്ഥലങ്ങളില്‍ നിന്നു വന്നു താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചും ഇവരുടെ മുന്‍കാല വിവരങ്ങള്‍ തിരഞ്ഞും നടത്തിയ അന്വേഷണത്തിലാണ് ബിജു എന്ന കള്ളപേരില്‍ താമസിക്കുന്നയാള്‍ സൈക്കോ ബിജുവെന്ന ക്രിമിനല്‍ വിജയകുമാറാണെന്നു അന്വേഷണസംഘം തിരിച്ചറിയുന്നത്. ഉടനെ അന്വേഷണ സംഘം രഹസ്യമായി രാത്രി തൊട്ടിപ്പാള്‍ പാടശേഖരത്തിനു സമീപം കഴുത്തറ്റം വെള്ളത്തിലൂടെ നടന്നു ഇയാള്‍ താമസിക്കുന്ന വീട് വളയുകയായിരുന്നു. വളരെ തന്ത്രശാലിയായ പ്രതി ചെറിയ അനക്കം പോലും ശ്രദ്ധിച്ച് രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കിയായിരുന്നു പോലീസ് നീക്കം. വീട്ടില്‍ അതിക്രമിച്ചു കയറി എഴുപത്തിനാലുകാരിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലും, കളവുകേസിലും കൊടകര സ്റ്റേഷനില്‍ ഇയാള്‍ പ്രതിയാണ്. യുവാവിനെ മറ്റൊരു സ്ത്രീയുമായി നഗ്ന ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി എട്ടു ലക്ഷം രൂപ തട്ടിയ കേസില്‍ ചാലക്കുടി സ്റ്റേഷനിലും പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ കേസില്‍ എറണാകുളം കുന്നത്തു നാട് സ്റ്റേഷനിലും, ചാവക്കാട് പെണ്‍വാണിഭ കേസിലും, വയോധികയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ പാലക്കാട് വടക്കുഞ്ചേരി സ്റ്റേഷനിലും ചിറ്റൂരില്‍ 74 കാരിയുടെ ആഭരണം കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്.