വര്ണക്കുട നൃത്ത സംഗീത വേദിയില് കലാകാരന്മാര്ക്ക് ആദരം
ഇരിങ്ങാലക്കുട: ‘വര്ണക്കുട’ യില് നടന്ന സാംസ്കാരിക സമ്മേളനവും ആദരവും തൃശൂര് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില് എംഎല്എ മാരായ വി.ആര്. സുനില്കുമാര്, എന്.കെ. അക്ബര് എന്നിവര് മുഖ്യാതിഥികളായിരുന്നു. കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ സിഡിഎസ് ചെയര്പേഴ്സണ്മാര്, സാംസ്കാരിക രംഗത്തെ പ്രമുഖര് എന്നിവര് വേദിയില് സന്നിഹിതരായിരുന്നു. തൃശൂര് ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണും സംഘാടക സമിതി വൈസ് ചെയര്മാനുമായ ലത ചന്ദ്രന് സ്വാഗതവും ജില്ല പഞ്ചായത്തംഗം ഷീല അജയഘോഷ് നന്ദിയും പറഞ്ഞു. വിവിധ മേഖലകളില് പ്രാഗത്ഭ്യം കൈവരിച്ചവരെ ആദരിക്കുന്ന ചടങ്ങില് പ്രശസ്ത സിനിമ സംവിധായകന് മോഹന്, കാര്ട്ടൂണിസ്റ്റ് എം. മോഹന്ദാസ്, ചിത്രകാരന് മഹേശ്വര്, വര്ണക്കുടയുടെ ലോഗോ ഡിസൈന് ചെയ്ത വെള്ളാങ്കല്ലൂര് ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് അശോകന്, നര്ത്തകിയും സിനിമാതാരവുമായ അനുപമ മോഹന്, ആര്ടിസ്റ്റ് രാജു എന്നിവരെ യോഗത്തില് ആദരിച്ചു. വര്ണക്കുട അനുബന്ധ പരിപാടികളിലെ വിജയികള്ക്ക് സമ്മാനദാനം നടത്തി. വേദിയില് കൊച്ചി കലന്ദിക അവതരിപ്പിച്ച നൃത്തസന്ധ്യയും വോയ്സ് ഓഫ് മലബാറിന്റെ സംഗീതനിശയും അരങ്ങേറി. ഇന്ന് വര്ണക്കുടയില് രാവിലെ 9.30 ന് ഓണക്കളി മത്സരവും വൈകീട്ട് 5.30ന് സാംസ്കാരിക സമ്മേളനവും തുടര്ന്ന് തൈക്കൂടം ബ്രിഡ്ജിന്റെ മ്യൂസിക് ബാന്ഡും അരങ്ങേറും.