നളചരിതം ഒന്നാംദിവസം കഥകളിയും, ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ക്ക് അനുമോദനവും
ഇരിങ്ങാലക്കുട: കേരള കലാമണ്ഡലത്തില്‍നിന്നും പെര്‍ഫോമിംഗ് ആര്‍ട്സ് കൂടിയാട്ടം വിഭാഗത്തില്‍ ഗവേഷണബിരുദം കരസ്ഥമാക്കിയ ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാരെ ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് അനുമോദിച്ചു. കഥകളി ക്ലബ് പ്രസിഡന്റ് അനിയന് മംഗലശ്ശേരിയുടെ സാന്നിദ്ധ്യത്തില്‍ ക്ലബിന്റെ രക്ഷാധികാരി എം.എ. അരവിന്ദാക്ഷന് അംഗവസ്ത്രം നല്കി അദ്ദേഹത്തെ അനുമോദിച്ചു. സെക്രട്ടറി രമേശന് നമ്പീശന് ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന്, ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ പ്രതിമാസ പരിപാടിയായി നളചരിതം ഒന്നാംദിവസം കഥകളി അരങ്ങേറി. മയ്യനാട് രാജീവന്(നളന്), ഹരികൃഷ്ണന് ഗോപിനാഥന് (നാരദന്), കലാനിലയം രാജശേഖരപ്പണിക്കര്‍ (ഹംസം), ജയന്തി ദേവരാജ് (ദമയന്തി), കലാമണ്ഡലം ആരോമല്‍, കലാമണ്ഡലം വിഘ്നേഷ് (തോഴിമാര്) എന്നിവര്‍ വേഷമിട്ടു. കലാമണ്ഡലം ഹരീഷ്കുമാര്‍, കലാമണ്ഡലം വിനോദ്, ഹരിശങ്കര്‍ കണ്ണമംഗലം എന്നിവര്‍ സംഗീതം, കലാനിലയം ഉദയന്‍ നമ്പൂതിരി ചെണ്ട, കലാനിലയം പ്രകാശന് മദ്ദളം, ആര്‍എല്‍വി മിഥുന് മുരളി ചുട്ടി എന്നീവിഭാഗങ്ങള്‍ കൈകാര്യം ചെയ്തു. രംഗഭൂഷ ഇരിങ്ങാലക്കുട ചമയം ഒരുക്കി. ഊരകം നാരായണന് നായര്‍, കലാമണ്ഡലം മനേഷ്, നാരായണന്‍കുട്ടി എന്നിവര്‍ അണിയറ സഹായികളായി.