കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ചരിത്ര മ്യൂസിയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം ചരിത്രമ്യൂസിയം ഒരുക്കുന്നതിനായി സമര്‍പ്പിച്ച പദ്ധതിനിര്‍ദേശത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ആറുമാസം മുമ്പ് ദേവസ്വംമന്ത്രിക്കും ദേവസ്വം കമ്മീഷണര്‍ക്കും സമര്‍പ്പിച്ച നിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് സാഹിത്യ അക്കാദമി മുന്‍ ചീഫ് ലൈബ്രറേറിയന്‍ ഡോ. കെ. രാജേന്ദ്രനെ കണ്‍സള്‍ട്ടന്റായി ദേവസ്വം ഭരണസമിതി നിയമിച്ചു. കൂടല്‍മാണിക്യം ദേവസ്വം പഴയ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന തച്ചുടയ കൈമളുടെ മന്ദിരമാണ് മ്യൂസിയമാക്കി മാറ്റുന്നത്. ഇതിനു പുറമേ, കൈമള്‍ ഉപയോഗിച്ചിരുന്ന പല്ലക്ക്, പലപ്പോഴായി കണ്ടുകിട്ടിയ അമൂല്യവസ്തുക്കള്‍ ഇവയെല്ലാം മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തും. തച്ചുടയ കൈമളുടെ കെട്ടിടം സാംസ്കാരിക പൈതൃകമായി സംരക്ഷിക്കുന്നതിനും ക്ഷേത്രത്തിലെ അമൂല്യങ്ങളായ താളിയോലഗ്രന്ഥങ്ങളും ഇതര വിഷയങ്ങളിലുള്ള ശാസ്ത്രഗ്രന്ഥങ്ങളും പുരാവസ്തുരേഖകളും ശേഖരങ്ങളും സംരക്ഷിക്കുന്നതിനുമായിട്ടാണ് മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ദേവസ്വം ബംഗ്ലാവ് പൈതൃകസ്മാരകമായി സംരക്ഷിക്കുന്നതിനാവശ്യമായ പ്രോജക്റ്റ് തയ്യാറാക്കി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഫണ്ടു കണ്ടെത്തുന്നതിന് ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അമ്യൂല്യമായ താളിയോലകളടക്കമുള്ള ഗ്രന്ഥങ്ങളുള്ളത് കൂടല്മാണിക്യത്തിലാണ്. ഇവ കാലങ്ങളായി ആരും നോക്കാനില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. നശിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വങ്ങളായ താളിയോലകളും പുസ്തകങ്ങളും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. അവ സംരക്ഷിച്ച് വരുംതലമുറയ്ക്ക് സുരക്ഷിതമായി കൈമാറുന്നതിന് മുന്‍ഗണനാക്രമം നിശ്ചയിക്കും. ഇതിനായി മാനേജിങ് കമ്മിറ്റി അംഗങ്ങളെയും ജീവനക്കാരെയും യോഗം ചുമതലപ്പെടുത്തി. ഇതിനുപുറമേ, ഡോക്യുമെന്റുകള്‍ മ്യൂസിയത്തില്‍ പ്രത്യേകം സൂക്ഷിക്കുന്നതിനും സൗകര്യം ഒരുക്കും. യോഗത്തില്‍ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷനായിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ, ഭരണസമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, സുരേഷ്, പ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു.